ഷാർജ: അൽ നഹ്ദയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജിൽ സംസ്കരിക്കാനുള്ള തീരുമാനം മാറ്റി. സംസ്കാരത്തിനുള്ള എല്ലാ ഒരുക്കുങ്ങളും നടത്തിയെങ്കിലും ഈ നീക്കം ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കോൺസുലേറ്റിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോയത്.
ഷാർജ ഇൻഡസ്ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. മൃതദേഹം ശ്മശാനത്തിൽ എത്തുന്നതിനു തൊട്ടു മുൻപാണ് മാറ്റിവയ്ക്കാനുള്ള തീരുമാനമെടുത്തത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്നാണ് തിരക്കിട്ട ചർച്ചകളും തീരുമാനങ്ങളുമുണ്ടായത്.
അതേസമയം ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക മണിയൻ (32) ഷാർജയിൽ ആത്മഹത്യ ചെയ്‌ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കുണ്ടറ പോലീസ് നിതീഷിനെതിരെ കേസെടുത്തിരുന്നു. കൂടാതെ ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
പിന്നീടു ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉൾപ്പെടുത്തി വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് എസ്‌പിക്ക് സമർപ്പിക്കും.
അതേസമയം ഇന്നലെ രാവിലെ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനൽകുകയും തുടർന്ന് ഷാർജ പൊതുശ്മശാനത്തിൽ സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് വിലക്കിയത്.
വിപഞ്ചികയുടെയും മകൾ വൈഭവിയെടുയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഈ മാസം എട്ടിനാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകൾ വൈഭവിയെയും ഷാർജ അൽ നഹ്ദയിലെ ഫ്‌ളാറ്റിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.