ന്യൂഡൽഹി: അതിവേഗ ആളില്ലാ വ്യോമ ലക്ഷ്യങ്ങൾക്കെതിരെ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈൽ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (ബിവിആർഎഎഎം) വിഭാഗത്തിൽപ്പെടുന്ന അസ്ത്രയുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുർ തീരത്ത് വച്ചാണ് ഡിആർഡിഒ നടത്തിയത്.
ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്നും ഡിആർഡിഒ അറിയിച്ചു. സുഖോയ് –30 എംകെ–1ന് സമാനമായ പ്ലാറ്റ്ഫോമിൽ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി (ആർഎഫ്) സീക്കർ ഘടിപ്പിച്ചാണ് അസ്ത്രയുടെ നിർമാണമെന്നും 100 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിലുള്ള വ്യോമ ലക്ഷ്യങ്ങളെ തകർക്കുന്ന രീതിയിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഡിആർഡിഒ അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധമേഖലയ്ക്ക് കൂടുതൽ ശക്തിപകരുന്നതാണ് അസ്ത്രയുടെ പരീക്ഷണ വിജയം.
ഡിആർഡിഒയ്ക്ക് പുറമെ ഇന്ത്യൻ വ്യോമസേന, എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എയറോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, ടെസ്റ്റ് റേഞ്ച് ടീം എന്നിവരുടെയെല്ലാം സഹായത്തോടെയാണ് അസ്ത്രയുടെ പരീക്ഷണം വിജയകരമാക്കിയത്. ദൗത്യത്തിൽ ഉൾപ്പെട്ട വിവിധ സംഘങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു.