തലയോലപ്പറമ്പ്: താൻ ജോലി ചെയ്ത് സമ്പാദിച്ച ആദ്യ ശമ്പളം അമ്മയുടെ കൈകളിലേക്ക് വച്ചു കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഒന്നു കാണണം. അതിനായി സഹോദരിയെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയതായിരുന്നു ആ മകൻ. എന്നാൽ മകനെ കാത്തിരുന്നതോ അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്.
ഓരോന്നും പതംപറഞ്ഞു അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ച അമ്മയെ തിരിച്ചറിഞ്ഞതും നവനീതാണ്. കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്.
മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനമാണ് കുടുംബത്തിന്റെ ഏക ആസ്രയം. ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്. ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വീട്ടിൽ എത്തിച്ചു.