കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാർ. അപകട ശേഷം കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് വിവരം നൽകിയത് താനാണെന്നും സംഭവസ്ഥലത്ത് എത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ജയകുമാറിന്റെ വാക്കുകൾ ഇങ്ങനെ-
‘തിരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോൾ വിവരങ്ങൾ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്.’
അതുപോലെ അപകടത്തിൽ തകർന്നുവീണ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിർത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകൾ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു. കെട്ടിടത്തിൽനിന്നും ആളുകളെ പൂർണമായും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് പറയുന്നു. അപകടത്തിന് പിന്നാലെതന്നെ, ഏകദേശം 10 മിനിറ്റിനുള്ളിൽ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്നും മാറ്റി, മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 10.50-നാണ് കെട്ടിടം തകർന്നുവീണത്. അപകടം നടന്നയുടൻ ആശുപത്രിയിലെ അധികാരികളെല്ലാം സംഭവസ്ഥലത്തെത്തി കെട്ടിടത്തിനുള്ളിൽ ആളുണ്ടോ എന്ന പരിശോധന ആരംഭിച്ചു. 11 മണിക്ക് തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 11.15-ഓടെയാണ് മന്ത്രി വി.എൻ. വാസവൻ സ്ഭവസ്ഥലത്തെത്തിയത്. തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ച ഉടൻതന്നെ മുറികളിൽ കുടുങ്ങിയിരുന്ന രണ്ടുപേരെ കണ്ടെത്താനും പുറത്തെത്തിക്കാനും സാധിച്ചു.
എന്നാൽ മരിച്ച ബിന്ദു രണ്ട് തൂണുകൾക്കിടയിൽപെട്ട സ്ഥിതിയിലായിരുന്നു. അവർക്കു മുകളിലായി കെട്ടിടാവശിഷ്ടങ്ങളും വീണിരുന്നു. 11.30-ഓടെ രണ്ട് ജെസിബികൾ സ്ഥലത്തെത്തി. ഇവ ഉപയോഗിച്ച് അവശിഷ്ടങ്ങളും തൂണുകളും മാറ്റിയപ്പോഴാണ് ബിന്ദുവിൻരെ ശരീരം കണ്ടെത്തിയത്- അധികൃതർ അറിയിച്ചു.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പലതവണ പരാതികൾ ഉന്നയിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2016-ൽ വിവരം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിൽ ഇതു പെടുത്തിയിരുന്നു. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, കെട്ടിടം ഉപയോഗിക്കാനാകുമോ, അതോ പൊളിച്ചുകളയണമോ എന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞിരുന്നു.
എന്നാൽ കൃത്യമായ റിപ്പോർട്ട് ലഭിക്കാഞ്ഞതിനെതുടർന്ന് കഴിഞ്ഞ കൊല്ലം പുറത്തുള്ള ഒരു കമ്പനിയെ പരിശോധനയ്ക്കായി സമീപിച്ചു. അവരുടെ പരിശോധനയിൽ കെട്ടിടെ പൊളിച്ചുകളയുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് ലഭിച്ചത്. സർജിക്കൽ ബ്ലോക്കും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും അടങ്ങുന്ന ഈ കെട്ടിടം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി വഴി 2018-ൽ 536 കോടിരൂപ അനുവദിച്ചിരുന്നു. എന്നാലും പ്രളയവും കോവിഡും കാരണമാണ് സമയബന്ധിതമായി പണി പൂർത്തിയാക്കാൻ സാധിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.