പാലക്കാട്: വാഹനത്തിനു മുന്നിൽ ചാടിയെന്നാരോപിച്ച് ആദിവാസി യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ചിറ്റൂർ സ്വദേശി ഷിജുവിന് (20) ആണ് മർദനത്തിൽ പരുക്കേറ്റത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് വാഹനത്തിലെ ഡ്രൈവറും ക്ലീനറും ചേർന്നാണ് മർദിച്ചതെന്ന് ഷിജു പറഞ്ഞു. പരുക്കേറ്റ ഷിജുവിനെ കോട്ടത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ മാസം 24ന് ഉച്ചകഴിഞ്ഞ് അഗളി ചിറ്റൂർ കട്ടേക്കാടാണു സംഭവം. ക്ഷീരസംഘങ്ങളിൽനിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിനു മുന്നിലേക്കാണ് ഷിജു വീണത്. റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്. എന്നാൽ മനഃപൂർവം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദിക്കുകയും തന്നെ അസഭ്യം പറയുകയുമായിരുന്നെന്ന് ഷിജു പറഞ്ഞു.
എന്നാൽ അടിപിടിയായതോടെ ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകർന്നു. തുടർന്ന് ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ഡ്രൈവറും ക്ലീനറും മർദിക്കുകയും കടന്നുകളയുകയും ചെയ്തുവെന്നും പറയുന്നു. അതേസമയം ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ശരീരത്തിൽ കയർ കെട്ടിയതിന്റെ പാടുകൾ ഉൾപ്പെടെയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്യും. അതേസമയം, മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പോലീസിൽ പരാതി നൽകി.