ചെങ്ങമനാട്: ആലുവയിലെ നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ പോലീസിന് മൊഴി നൽകി കേസിലെ പ്രതിയായ അമ്മ സന്ധ്യ. താൻ മകളെ കൊലപ്പെടുത്തിയത് ഭർത്താവും ഭർതൃ കുടുംബവും വിഷമിക്കുന്നത് കാണാനാണെന്ന് സന്ധ്യ പറഞ്ഞെന്ന് പോലീസ്. സന്ധ്യയുടെ ഭർത്താവ് സുഭാഷിന്റേത് ആൺമക്കൾ കൂടുതലുള്ള കുടുംബമാണെന്നും കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതിനാൽ തന്നെ സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതൽ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പോലീസ് പറയുന്നു.
നേരത്തെതന്നെ സന്ധ്യ കുറ്റം സമ്മതിച്ചിരുന്നെങ്കിലും കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്. കൂടാതെ സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തൽ.
അതേസമയം സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയിൽ ഹാജരാക്കിയത്. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ്. ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറൽ എസ് പി എം ഹേമലത വ്യക്തമാക്കിയിരുന്നു. കൊലപാതക കുറ്റം ചുമത്തിയാണ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അങ്കണവാടിയിൽ നിന്നു ബസിൽ വരുന്നവഴി കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി സന്ധ്യ ആലുവയിൽ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പോലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പോലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം സന്ധ്യക്കെതിരെ ഭർത്താവും മൂത്ത മകനും രംഗത്തുവന്നിരുന്നു. സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ട്. തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നുമാണ് മകൻ പറഞ്ഞത്. അമ്മ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നു. തന്റെ തലയിലും കല്ല്യാണിയുടെ ചെവിക്ക് പിൻഭാഗത്തായും പരുക്കേറ്റു. താൻ കല്ല്യാണിയെ വലിച്ചിഴച്ച് വീടിന് പുറത്തേക്കുകൊണ്ടുവന്നു. തങ്ങളെ രണ്ട് പേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനായിരുന്നു ഉപദ്രവം എന്നുപോലും അറിയില്ല. തനിക്ക് അമ്മയെ പേടിയായിരുന്നുവെന്നും അമ്മയുടെ വീട്ടിൽ പോകാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നുമാണ് മകൻ പറഞ്ഞത്.