ജയ്പൂർ: ഏഴ് മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 25 പുരുഷന്മാരെ വിവാഹം കഴിച്ച 23 കാരി ഒടുവിൽ രാജസ്ഥാൻ പോലീസിന്റെ വലയിൽ. വിവാഹത്തട്ടിപ്പു സംഘത്തിൽപ്പെട്ട അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് സവായ് മധോപൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി, വിവാഹം വൈകിയ യുവാക്കളേയാണ് ലക്ഷ്യംവെക്കുക. തുടർന്നു വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം നിയമപരമായിട്ടായിരുന്നു ഓരോരുത്തരെയും വിവാഹം കഴിച്ചത്. കുറച്ച് ദിവസം താമസിച്ച്, രാത്രിയിൽ മോഷ്ടിച്ച സ്വർണ്ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുമായി മുങ്ങുകയാണ് അനുരാധയുടെ രീതിയെന്ന് മാൻപൂർ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥയായ മീത്ത ലാൽ പറയുന്നു. കഴിഞ്ഞ മെയ് 3 ന് സവായ് മധോപൂർ സ്വദേശിയായ വിഷ്ണു ശർമ്മ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
സുനിത, പപ്പു മീന എന്നീ രണ്ട് ഏജന്റുമാർക്ക് താൻ രണ്ട് ലക്ഷം രൂപ നൽകിയതായും, അവർ തനിക്ക് അനുയോജ്യമായ ഒരു വധുവിനെ ഏർപ്പാട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായും ശർമ്മ പറഞ്ഞു. അങ്ങനെ അനുരാധയെ വധുവായെത്തി. കഴിഞ്ഞ ഏപ്രിൽ 20 ന് ഇവരുടെ വിവാഹം നടത്തി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മെയ് 2 ന്, അനുരാധ വിലപിടിപ്പുള്ള വസ്തുക്കളുമായി ഒളിച്ചോടി.
അതേസമയം ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന അനുരാധ, കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറുകയായിരുന്നു. അവിടെയെത്തി പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തിൽ പങ്കാളിയായി. തുടർന്നു ഏജന്റുമാർ വാട്ട്‌സ്ആപ്പ് വഴി വിവാഹം ആലോചിക്കുകയും നടത്തുകയും അവരുടെ സേവനങ്ങൾക്ക് 2 മുതൽ 5 ലക്ഷം രൂപ വരെ തുക പ്രതിഫലം പറ്റുകയും ചെയ്തു.
നിശ്ചയിക്കുന്ന വിവാഹം നടത്തിക്കഴിഞ്ഞാൽ, വധു ആഴ്ചയ്ക്കുള്ളിൽ ഒളിച്ചോടും. തട്ടിപ്പുസംഘത്തിലെ റോഷ്‌നി, രഘുബീർ, ഗോലു, മജ്‌ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷ്ണു ശർമ്മയുടെ വീട്ടിൽ നിന്ന് കാണാതായതിന് ശേഷം, അനുരാധ ഭോപ്പാലിൽ ഗബ്ബാർ എന്ന മറ്റൊരാളെ വിവാഹം കഴിച്ചതായും അയാളിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപിക്കപ്പെടുന്നു. അതേസമയം വരനായി വേഷംമാറി പോലീസ് ഒരു രഹസ്യ കോൺസ്റ്റബിളിനെ അയച്ചതോടെയാണ് അനുരാധ അറസ്റ്റിലായത്.