കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ശരിയായില്ലെന്ന് കെ സുധാകരൻ എംപി. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടത്തിവെച്ചെന്നും എല്ലാം പാർട്ടിക്ക് വേണ്ടിയാണെന്നും സുധാകരൻ. തന്നെ മാറ്റിയതിൽ നിരാശയില്ല. കെ സുധാകരന്റെ സേവനം മതി എന്ന് ഹൈക്കമാൻഡിന് തോന്നിയാൽ തന്നെ മാറ്റാം.
കേരളത്തിൻറെ ചുമതലയുള്ള ദീപ ദാസ് മുൻഷിക്ക് താങ്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് അവരുമായി തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു മറുപടി. പക്ഷെ ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് പരാതിയുണ്ടെന്നും സുധാകരൻ പറഞ്ഞു. ദീപ ദാസിനെ മാറ്റണോ എന്നതിൽ, അക്കാര്യത്തിൽ താൻ പറയേണ്ടിടത്ത് പറഞ്ഞോളാം എന്നായിരുന്നു സുധാകരന്റെ മറുപടി. സണ്ണി ജോസഫ് ക്രൈസ്തവനായതുകൊണ്ടല്ല അധ്യക്ഷ പദവിയിൽ എത്തിയത്, അദ്ദേഹത്തിന് അർഹതയുണ്ട്. നേതൃത്വം ഇല്ലെങ്കിലും താൻ ഉത്തരവാദിത്വം നിറവേറ്റും. അതിന് തനിക്ക് സ്ഥാനം വേണ്ട, പ്രവർത്തകർ മതി. പാർട്ടിയുടെ അംഗീകാരമോ അഭിനന്ദനമോ പോലും തനിക്ക് വേണ്ട എന്നും സുധാകരൻ പറഞ്ഞു.
അതേസമയം താൻ പാർട്ടിക്ക് വിധേയനാണെന്നും പാർട്ടി പറയുന്ന ഏത് പോസ്റ്റും ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. തനിക്ക് അഖിലേന്ത്യ നേതൃത്വത്തിനോട് എതിർപ്പില്ല. പ്രതിപക്ഷ നേതാവിനെ മാറ്റേണ്ട എന്ന് അവർക്ക് താത്പര്യമുണ്ടായിരിക്കും. അതിൽ ചില നേതാക്കൾക്കടക്കം വ്യക്തിപരമായ താത്പര്യമുണ്ടാകും. തന്നെ മാറ്റുന്നതിൽ വി ഡി സതീശന് പങ്കുണ്ടെന്ന കാര്യം താൻ വിശ്വസിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.
താൻ ആരുടേയും പിന്തുണയ്ക്ക് വേണ്ടി പിറകെ നടന്നിട്ടില്ല. സണ്ണി ജോസഫ് തന്റെ നോമിനി അല്ലെങ്കിലും പൂർണ പിന്തുണയുണ്ട്. തന്നെ പുറത്താക്കാൻ ആരെങ്കിലും ഇടപെട്ടുവെന്ന് തോന്നിയിട്ടില്ല. താൻ പ്രവർത്തകന്മാരെ സ്നേഹിക്കുന്നത് പോലെ ഒരാളും പാർട്ടിയിൽ സ്നേഹിക്കില്ല. താൻ കുട്ടികൾക്കും പ്രവർത്തകന്മാർക്കും വേണ്ടി ഏതറ്റം വരെയും പോകും. ആ നന്ദി അവർ തന്നോട് കാണിക്കുന്നുണ്ട്. നിയമസഭക്കകത്ത് പ്രതിപക്ഷത്തിന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.