ഇസ്ലാമബാദ്: ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. അക്രമണങ്ങളെ പ്രതിരോധിക്കാനുളള അവകാശം പാക്കിസ്ഥാനുമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു.
അതേസമയം ഇന്ത്യൻ ആക്രമണം പാക്കിസ്ഥാന്റെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സിന്ധുവിൽ നദീ ജലത്തിന് പകരം ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന വിവാദ പ്രസ്ഥാവനയുമായി ബിലാവൽ ഭൂട്ടോ രംഗത്തെത്തിയിരുന്നു.
ഇതിനിടെ ഇന്ത്യ ബിലാവൽ ഭൂട്ടോയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക്കിസ്ഥാന് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒരു രഹസ്യമായിരുന്നില്ലെന്നും ബിലാവൽ പറഞ്ഞതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഭീകരവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം കാരണം പാക്കിസ്ഥാൻ ഏറെ അനുഭവിച്ചെന്നും ബിലാവൽ പറഞ്ഞിരുന്നു.