ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളിൽ ബുധനാഴ്ച മോക്ഡ്രിൽ. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ഡ്രിൽ പ്രഖ്യാപനം നടത്തിയത്. മിസൈൽ- വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളും സർക്കാർ സംവിധാനങ്ങളും വിദ്യാർഥികളും എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ പരിശീലനം കൂടിയാണ് മോക്ഡ്രിൽ.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 48 മണിക്കൂറിനിടെ രണ്ട് തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുന്നതിനിടെയാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. നിയന്ത്രണ രേഖയിൽ 12-ാം ദിവസവും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർക്കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെക്കാർ, നവ്‌ഷേര, സുന്ദർബനി, അഖ്‌നൂർ എന്നിവയ്ക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു.
അതിർത്തിയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത 244 ജില്ലകളിലായി 259 ഇടങ്ങളിൽ മോക്ഡ്രില്ലുകൾ നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. കൂടാതെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അണക്കെട്ടുകൾക്കും കേന്ദ്ര സർക്കാർ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടുതൽ പോലീസ് വിന്യാസം ഏർപ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾക്കും സുരക്ഷ കൂട്ടി. ഇന്ത്യ പാക്കിസ്ഥാൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ തുടരെയുള്ള അജിത് ഡോവൽ നരേന്ദ് മോദി കൂടിക്കാഴ്ചകൾ പാക്കിസ്ഥാൻ സംഘർഷത്തിൽ രാജ്യം നിർണായക തീരുമാനങ്ങളിലേക്കെത്തി എന്നതിന്റെ സൂചനയാണ്.
2005 വിരമിച്ച കേരള കേഡർ ഐപിഎസ് ഓഫീസറായ അജിത് ഡോവൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി പാക്കിസ്ഥാനിൽ പ്രവർത്തിച്ചിട്ടുണ്ട്. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പാക്കിസ്ഥാനെതിരെ നടത്തിയ പ്രതിരോധ ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്നതും അജിത് ഡോവലായിരുന്നു.
അതേസമയം രാജ്യത്ത് 1962ൽ ആണ് ആദ്യമായി മോക്ഡ്രിൽ പരീക്ഷിക്കപ്പെട്ടത്. 1962ലെ ഇന്ത്യ- ചൈന യുദ്ധ കാലത്ത് പരീക്ഷിക്കപ്പെട്ട മോക്ഡ്രിൽ പിന്നീട് 1971ലെ ഇന്ത്യാ- പാക് യുദ്ധ കാലത്തും രാജ്യം പ്രയോഗിച്ചിരുന്നു. എന്നാൽ 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനങ്ങളെ മോക്ഡ്രിൽ പരിശീലിപ്പിക്കുന്നത്. ഇതോടെ രാജ്യം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.