കണ്ണൂർ: കെ സുധാകരനെ അങ്ങനെയൊന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ അനുയായികൾ സമ്മതിക്കില്ലെന്നുറപ്പിച്ചുകൊണ്ട്, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കെഎസ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് തുടരുന്നു. ‘കെഎസ് തുടരണം’ എന്ന തലക്കെട്ടോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സിപിഎം ക്രൂരതകളെ നെഞ്ചുറപ്പുകൊണ്ട് നേരിട്ട് കോൺഗ്രസ് പ്രവർത്തകർക്ക് സംരക്ഷണമേകിയ ധീരനാണ് കെഎസ്. താരാട്ട് കേട്ട് വളർന്നവനല്ല, എതിർപ്പുകളിലും പ്രതിസന്ധികളിലും എന്നും ഊർജം കാട്ടിയിട്ടേയുള്ളൂ. പ്രതിസന്ധികളെ ഊർജമാക്കിയവനാണ് കെഎസ്’ – എന്നാണ് പോസ്റ്റുകളിൽ എഴുതിയിരിക്കുന്നത്.
കൂടാതെ ‘പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ സുധാകരന്റെ കൂടെ കൂടിയവരാണ് ഞങ്ങൾ. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് കാവൽ നിന്നൊരു പ്രസിഡന്റ്, കോൺഗ്രസ് ഞങ്ങളുടെ ആത്മാവാണ്, കെഎസ് ഞങ്ങളുടെ ജീവനും. കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ തലയുയർത്തിപ്പിടിച്ച് നമ്മെ നയിച്ചവനാണ്’.– തുടങ്ങിയ വാചകങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. മൂവർണത്തെ സ്നേഹിച്ച കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്.
അതേസമയം പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാം എന്ന് സുധാകരൻ തിങ്കളാഴ്ച എകെ ആന്റണിയെ കണ്ട് അറിയിച്ചിരുന്നു. എന്നാൽ പൊതുചർച്ചയ്ക്കിട്ട് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണം. തനിക്ക് അനാരോഗ്യമാണെന്ന് ചിലർ മനഃപൂർവം പ്രചരിപ്പിക്കുന്നുവെന്നും സുധാകരൻ ആന്റണിയെ അറിയിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
പാലക്കാട്ടും കോട്ടയത്തും സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂഞ്ഞാർ, ഈരാറ്റുേപട്ട, പാലാ എന്നിവിടങ്ങളിലാണ് സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കാൻ ഇറങ്ങിയ ഹൈക്കമാൻഡ് വെട്ടിലായ അവസ്ഥയിലാണ്. ആന്റോ ആന്റണിയെ ഏറക്കുറെ ഉറപ്പിച്ചെങ്കിലും കേരളത്തിൽനിന്നു പരാതികൾ പ്രവഹിച്ചതോടെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഓഫിസിലേക്ക് ഇ–മെയിലിൽ വ്യാപകമായി പരാതി എത്തിയെന്നാണു വിവരം.