ന്യൂഡൽഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ സുധാകരനെ ഉടൻ മാറ്റുമെന്ന് സൂചന. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കാൻ പുതിയ കോൺഗ്രസ് അദ്ധ്യക്ഷൻ വരും. ഇതിനായി തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ കെ സുധാകരൻ വെള്ളിയാഴ്ച ഡൽഹിയിലെത്തി. അദ്ധ്യക്ഷ മാറ്റത്തിൽ വിശദമായ ചർച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡൽഹിയിലേക്ക് ഹൈക്കമാൻഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി സുധാകരൻ കൂടിക്കാഴ്ച നടത്തി. സുധാകരനെ ദേശീയ പ്രവർത്തക സമിതിയിൽ ക്ഷണിതാവാക്കും.
അതേസമയം ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള നേതാവ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമൻ കാത്തലിക് വിഭാഗത്തിൽ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതോടെ ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎൽഎ എന്നിവരെയാണ് പുതിയ അദ്ധ്യക്ഷനാവാൻ പരിഗണിക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പുകൾ നയിക്കാൻ പുതു നേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി കോർ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടൻ കടക്കും. മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതാണ് ഈ കമ്മിറ്റി. മുൻ കെപിസിസി അദ്ധ്യക്ഷൻമാർ ഉൾപ്പെടെ 11പേരെ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉൾപ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കൂടാതെ കൺവീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.