ഏനാത്ത്: പത്തനംതിട്ട ഏനാത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍. ഏനാത്ത് വിജീഷ് ഭവനത്തില്‍ വിജീഷിന്റെ ഭാര്യ ലിനുവിനെയാണ് (33) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.രാത്രി ഉറങ്ങാന്‍ കിടന്ന ലിനുവിന് രാവിലെ അനക്കമില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ ഏനാത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ ജനപ്രതിനിധികളടക്കം ഇതുവരെയും ദുരൂഹത ആരോപിച്ചിട്ടില്ല. സ്വാഭാവിക മരണമാണ് എന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. എന്നിരുന്നാലും ലിനുവിന്റെയും വിജീഷിന്റെയും ബന്ധുക്കള്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.