ന്യൂഡൽഹി: ഏപ്രിൽ 22-ന് 26 പേരെ ഇല്ലാതാക്കിയ പഹൽഗാം കൂട്ടക്കൊലയിൽ ഉൾപ്പെട്ട തീവ്രവാദികളിൽ ഒരാളായ ആദിൽ അഹമ്മദ് തോക്കർ ഇന്ത്യക്കാരനെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. 2018-ൽ സ്റ്റുഡന്റ് വിസയിൽ പാക്കിസ്ഥാനിലേക്ക് പോയി ആറ് വർഷത്തിന് ശേഷം മൂന്നോ നാലോ തീവ്രവാദികളുമായാണ് ഇന്ത്യയിലേക്കു തിരിച്ചെത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാരയിലെ ഗുരെ ഗ്രാമവാസിയായ ആദിൽ അഹമ്മദ് തോക്കർ, പഹൽഗാമിലെ ബൈസാരനിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ശിൽപികളിൽ ഒരാളാണെന്നാണ് കരുതപ്പെടുന്നത്.
2018 ൽ പാക്കിസ്ഥാനിലേക്കുപോയ ആദിൽ തോക്കർ ലഷ്കറെ തയിബയിൽ ചേരുകയും 2024 ൽ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞു കയറുകയും ചെയ്തു. കൂടാതെ പഹൽഗാമിൽ വെടിയുതിർത്ത ഭീകരരിൽ ആദിലുമുണ്ടായിരുന്നെന്നു ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല പാക്കിസ്ഥാനിലേക്കു പോകുന്നതിന് മുൻപേ ആദിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. അന്ന് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ചില നിരോധിത ഭീകര സംഘടനകളുമായി അടുപ്പമുള്ളവരുമായി ആദിലിന് ബന്ധമുണ്ടായിരുന്നുവെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
മാത്രമല്ല പാക്കിസ്ഥാനിൽ എത്തിയതോടെ ആദിൽ പൊതുമധ്യത്തിൽനിന്ന് അപ്രത്യക്ഷനായി. കുടുംബവുമായുള്ള ആശയവിനിമയം വിച്ഛേദിച്ചു. പിന്നീട് ഏതാണ്ട് എട്ടു മാസത്തോളം ആദിലിനെ കുറിച്ച് ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. ആദിലിന്റെ ഡിജിറ്റൽ വിവരങ്ങൾ നിരീക്ഷിച്ചിരുന്ന ഇന്റലിജൻസ് ഏജൻസികൾക്കും ഇയാളെ പിന്നീട് കണ്ടെത്താനായില്ല. മാത്രമല്ല കശ്മീരിലെ അദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ചുള്ള സമാന്തര നിരീക്ഷണ ഓപ്പറേഷൻ ശ്രമം നടത്തിയിരുന്നെങ്കിലും കാര്യമായ ഗുണമൊന്നും ലഭിച്ചില്ല.
അതേസമയം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കു പോയ ആദിൽ ഭീകരരുടെ പരിശീലന ക്യാംപുകളിലാണ് കഴിഞ്ഞിരുന്നത് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തയിബ (എൽഇടി)യ്ക്ക് കീഴിലായിരുന്നു പരിശീലനം. തുടർന്ന് 2024 അവസാനത്തോടെയാണ് ആദിൽ വീണ്ടും ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. ആദിലിനൊപ്പം മൂന്നോ നാലോ പേരടങ്ങുന്ന ഒരു ചെറിയ സംഘവും ഉണ്ടായിരുന്നു. ഇവരിൽ ഒരാൾ പാക്ക് പൗരനും പഹൽഗാം ഭീകരാക്രമണത്തിലെ മറ്റൊരു പ്രതിയുമായ ഹാഷിം മൂസയുമാണ്. സുലൈമാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു. മൂസയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചതും ആദിലാണെന്നാണ് റിപ്പോർട്ട്.
നാട്ടിലെത്തിയ ശേഷവും ആദിൽ ഒളിവിലായിരുന്നു. പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരർക്കൊപ്പമായിരുന്നു ആദിലിന്റെ ഒളിവു ജീവിതം. ആഴ്ചകളോളം ആദിൽ ഒളിവിൽ തുടർന്നു, ഈ കാലയളവിൽ ചില ഭീകര സംഘങ്ങളുമായി ബന്ധം സജീവമാക്കി. ലോകത്തെ ഒന്നടങ്കം ശ്രദ്ധയാകർഷിക്കുന്ന ഒരു ഭീകരാക്രമണത്തിന് ആദിലും സംഘവും ആഴ്ചകൾക്ക് മുൻപേ സജ്ജമായിരുന്നു. അമർനാഥ് യാത്ര അവസാനിച്ചതിനെ തുടർന്ന് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ക്രമേണ വീണ്ടും തുറന്നതും ഈ സമയത്തായിരുന്നു. സുരക്ഷാ കാരണങ്ങളാൽ നേരത്തേ അടച്ചിട്ടിരുന്ന കേന്ദ്രങ്ങളിൽ 2025 മാർച്ച് മുതൽ വിനോദസഞ്ചാരികളുടെ തിരക്ക് വീണ്ടും കണ്ടുതുടങ്ങിയിരുന്നു. ഇതോടെയാണ് ഭീകരർ ഈ പ്രദേശം ആക്രമണത്തിന് തിരഞ്ഞെടുത്തതും. ആദിലിന്റെയും മറ്റു ചില ഭീകരരുടെയും രേഖാ ചിത്രങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.
ദൃക്സാക്ഷികളുടെ വിവരണപ്രകാരം ആക്രമണകാരികൾ ചില ഇരകളോട് അവരുടെ മതത്തെക്കുറിച്ച് ചോദിച്ചു. പല സന്ദർഭങ്ങളിലും, വ്യക്തികൾ ഇസ്ലാമിക വാക്യങ്ങൾ ചൊല്ലണമെന്ന് അവർ ആവശ്യപ്പെട്ടു. പരാജയപ്പെട്ടവരെയോ മടിച്ചുനിന്നവരെയോ വെടിവച്ചു. നിരവധി ഇരകൾക്ക് തലയ്ക്ക് വെടിയേറ്റു.
സംഘത്തിൽ കുറഞ്ഞത് അഞ്ച് തീവ്രവാദികളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. പുൽമേടിനുള്ളിലെ മൂന്ന് പ്രത്യേക മേഖലകൾ ലക്ഷ്യമിട്ട് അവർ ചെറിയ യൂണിറ്റുകളായി വിഭജിച്ചു. മുഴുവൻ ആക്രമണവും പത്ത് മിനിറ്റിൽ താഴെ നീണ്ടുനിന്നു. സഹായം എത്തിയപ്പോഴേക്കും, മിക്കവർക്കും വളരെ വൈകി. മരിച്ചവരിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക പോണി ഓപ്പറേറ്ററും ഉണ്ടായിരുന്നു. നാവികസേനയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുമുള്ള രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു.
അതേസമയം ഭീകരരെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അനന്ത്‌നാഗ്, പഹൽഗാം, സമീപ വനമേഖലകൾ എന്നിവിടങ്ങളിൽ സുരക്ഷാ സേന ജില്ല വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി, തോക്കറിന്റെയും മറ്റൊരു പ്രതിയായ ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെയും വീടുകൾ സ്ഫോടനങ്ങളിൽ തകർന്നു. തിരച്ചിൽ നടത്തുന്നതിനിടെ, വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.