കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യാത്രക്കാരനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി 9.14ന് പെരുമണ്ണയിൽനിന്നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ് നടത്തുന്ന ‘സഹിർ’ ബസിൽ ആണ് സംഭവം. ബസിലെ സിസിടിവിയിൽ പതിഞ്ഞ ആക്രമണ ദൃശ്യം പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസബ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണു സൂചന.
പന്തീരാങ്കാവിന് സമീപം കൈമ്പാലത്തു നിന്നു ബസിൽ കയറി പിൻസീറ്റിൽ യാത്ര ചെയ്ത മാങ്കാവ് സ്വദേശി ടി.നിഷാദിനാണ് (44) മർദനമേറ്റത്. യുവാവിന് സമീപം ഇരുന്ന മറ്റൊരു ബസിലെ ഡ്രൈവർ പ്രകോപനമില്ലാതെ യുവാവിന്റെ കഴുത്തിൽ പിടിക്കുകയായിരുന്നു. കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് യുവാവിനെ ശ്വാസം മുട്ടിച്ചു. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ നിലത്തിട്ടു. തുടർന്നു തലയിലും മുഖത്തും മർദിച്ചു. അവശനായിട്ടും വിട്ടില്ല.
ഈ സമയം, ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാനോ യുവാവിനെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ല. ഒടുവിൽ ബസ് കിണാശ്ശേരിയിൽ നിർത്തിയപ്പോൾ അക്രമി യുവാവിന്റെ മൊബൈൽ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന 4,500 രൂപയും തട്ടിയെടുത്തു ബസിൽനിന്നു പുറത്തേക്ക് തള്ളിയിട്ടു. പരുക്കേറ്റ യുവാവ് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി കസബ പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. യുവാവിനെ ആക്രമിക്കുന്ന ദൃശ്യം സിസിടിവിയിൽ വ്യക്തമാണ്. അക്രമി മറ്റൊരു ബസിലെ ഡ്രൈവറാണെന്നാണു സൂചന.