മീററ്റ്: മകളെ കാണിച്ച് വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നൽകിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരൻ നദീമും ഭാര്യ ഷൈദയുമാണ് വിവാഹം നടത്തുന്നതിനു മുൻകൈ എടുത്തത്.
മാർച്ച് 31 ന് വിവാഹ വേദിയിലെത്തിയപ്പോൾ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. വധുവിനു പകരം വേദിയിൽ 45കാരിയായ വധുവിന്റെ അമ്മയാണ് എത്തിയത്. വിവാഹ ചടങ്ങുകൾക്കിടയിൽ വച്ച് മതപണ്ഡിതൻ വധുവിനെ താഹിറ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ യുവാവിന് സംശയം തോന്നി. മുഖം മറച്ചിരുന്നതിനാൽ ആളെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് മുഖപടം മാറ്റി നോക്കിയപ്പോഴാണ് 45 കാരിയായ മന്തഷയുടെ അമ്മയെ കാണുന്നത്. ഇതോടെ താൻ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പ്രശ്നമുണ്ടാക്കി. പൊലീസിലോ മറ്റോ പരാതിപ്പെട്ടാൽ വ്യാജ പീഡന പരാതി നൽകുമെന്ന് തന്റെ സഹോദരനും ഭാര്യയും ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഇത് കണക്കിലെടുക്കാതെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പിന്നീട് ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയെന്നും കേസ് പിൻവലിച്ചെന്നും പൊലീസ് അറിയിച്ചു.