കൊല്ലം: കൊല്ലത്ത് വീട്ടിലെത്തി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. തേജസും കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ നിന്നും യുവതി പിന്മാറിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയെ ലക്ഷ്യമിട്ടാണ് തേജസ് ഫെബിന്റെ വീട്ടിൽ എത്തിയതെന്നാണ് പോലീസ് നിഗമനം. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കിയിരുന്നു .
ഈ ദേഷ്യമാണു യുവതിയുടെ സഹോദരനെ കൊലപ്പെടുത്താൻ കാരണമെന്നു പൊലീസ് പറഞ്ഞു. കുത്തേറ്റ യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് ചികിത്സയിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . വെള്ള നിറമുള്ള കാറിൽ പർദ ധരിച്ചാണ് തേജസ്സ് ഫെബിന്റെ വീട്ടിലേക്ക് എത്തിയത്. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. പിന്നീട് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തുകയായിരുന്നു .
കുത്തേറ്റ ഫെബിൻ രക്ഷപ്പെടാൻ റോഡിലേക്ക് ഇറങ്ങിയെങ്കിലും താഴെ വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനു ശേഷം അതേ കാറിൽ തന്നെയാണ് ഏകദേശം 3 കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ മേൽപാലത്തിന് അടിയിൽ തേജസ്സ് എത്തിയത്. പാലത്തിനു താഴെ കാർ നിർത്തിയ ശേഷം കൈത്തണ്ട മുറിച്ച് ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം 100 മീറ്ററോളം അകലെയാണു പതിച്ചത്. കാറിൽ ഒരു കുപ്പിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നു. കാറിന് അകത്തും പുറത്തും രക്തം ഒഴുകിയ പാടുകളുണ്ട്. കൈത്തണ്ട മുറിച്ചപ്പോൾ സംഭവിച്ചതാകാം രക്തക്കറകൾ എന്നാണു പൊലീസ് സംശയിക്കുന്നത്.