ദുബായ്: ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി പാക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇനി ചാംപ്യൻസ് ട്രോഫിയിൽ കളിച്ച വിവിധ ടീമുകളിൽനിന്ന് താരങ്ങളെ എടുത്ത് ഒരു ‘വേൾഡ് ഇലവനെ’ ഉണ്ടാക്കി കളിപ്പിച്ചാലും ഇന്ത്യയെ തോൽപിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ഷാഹിദ് അഫ്രീദി പ്രതികരിച്ചു. ഒരു പാക്ക് മാധ്യമത്തിലെ ചർച്ചയിലായിരുന്നു താരത്തിന്റെ പ്രതികരണം. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെതിരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
ഇതിനു പിന്നാലെയാണ് ടീമിനെ വാഴ്ത്തി പാക്ക് മുൻ താരം രംഗത്തെത്തിയത്. താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘‘ഇന്ത്യയ്ക്ക് വിജയിക്കാനുള്ള അർഹതയുണ്ട്. ആഭ്യന്തര ക്രിക്കറ്റിനും അക്കാദമികൾക്കും വേണ്ടി ഇന്ത്യ അത്രയേറെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ ഫലം അവർക്കു ലഭിക്കുക തന്നെ ചെയ്യും. ദുബായിലെ സാഹചര്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യയുടെ മികവിൽ സംശയിക്കാനാകില്ല. ഇന്ത്യയുടെ സിലക്ഷൻ കമ്മിറ്റി ഗംഭീരമായാണു പ്രവർത്തിച്ചത്. ഇന്ത്യയ്ക്ക് ദുബായിലെ സാഹചര്യങ്ങൾ നന്നായി അറിയാം. അതു ശരിയാണ്. അവർ എല്ലാ മത്സരങ്ങളും അവിടെയാണു കളിച്ചത്. വേദികൾ മാറേണ്ടവന്നിട്ടില്ല. പക്ഷേ ഇന്ത്യയുടെ വിജയത്തിൽ ടീം സിലക്ഷന് വലിയ റോളുണ്ട്’’
‘‘ലോക ഇലവനെ ഉണ്ടാക്കി ആ ടീമിനെ ദുബായിൽ കളിപ്പിച്ചാലും ഇന്ത്യയായിരിക്കും ജയിക്കുക. മോശം ടീം സിലക്ഷൻ കാരണം പാക്കിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ അപകടനിലയിലാണ്. ഓരോ ടൂർണമെന്റുകൾ വരുമ്പോഴും നമ്മൾ തയാറെടുപ്പുകളെക്കുറിച്ചു സംസാരിക്കും. പാക്കിസ്ഥാൻ തോൽക്കുമ്പോൾ ശസ്ത്രക്രിയകൾ വേണമെന്നു പറയും. പക്ഷേ തെറ്റായ തീരുമാനങ്ങളുടെ പേരിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ഇപ്പോൾ ഐസിയുവിൽ ആയത്.
‘‘പാക്കിസ്ഥാനിൽ തുടർച്ചയില്ല. പിസിബിയുടെ തീരുമാനങ്ങളിൽ സ്ഥിരതയില്ല. ക്യാപ്റ്റൻമാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റി നോക്കി. എന്നാൽ അതിന്റെയെല്ലാം ഉത്തരവാദിത്തം പാക്ക് ക്രിക്കറ്റ് ബോർഡിനാണ്. ക്യാപ്റ്റന്റെയും പരിശീലകന്റെയും തലയ്ക്കു മുകളിൽ ഒരു വാളുണ്ടാകുമ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് എങ്ങനെ രക്ഷപ്പെടാനാണ്.’’– അഫ്രീദി ചർച്ചയിൽ ചോദിച്ചു.