ആറന്മുള: സിപിഎം സംസ്ഥാനസമിതിയിൽ ഇടംനേടാനാവാത്തതിലും ആരോഗ്യമന്ത്രി കൂടിയായ വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച സിപിഎം നേതാവ് എ പദ്മകുമാറിനായി വല വീശി ബിജെപി. തിങ്കളാഴ്ച വൈകുന്നേരം പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ബിജെപി ജില്ലാ പ്രസിഡന്റുൾപ്പെടെ രണ്ട് നേതാക്കൾ സന്ദർശനം നടത്തി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിഒ സൂരജ്, ജോ. സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്.
പദ്മകുമാറിന്റെ വീട്ടിലെത്തിയ ഇരുവരും 15-മിനിറ്റ് നേരം പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലെത്തിയാൽ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ തയ്യാറാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ അഭിപ്രായം അറിയിച്ചുവെന്നാണ് ബിജെപി വൃത്തങ്ങൾ അനൗദ്യോഗികമായി പറയുന്നത്. എന്നാൽ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ല.
ആരോഗ്യമന്ത്രി കൂടിയായ വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയ പാർട്ടി തീരുമാനത്തെ വിമർശിക്കാനുള്ള കാരണങ്ങൾ പദ്മകുമാർ ബിജെപി നേതാക്കളോട് വിശദീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വീണാ ജോർജും ഫേസ്ബുക്ക് പോസ്റ്റും ഇപ്പോഴത്തെ കൂടിക്കാഴ്ചയുമൊക്കെയായുള്ള വിഷയത്തിൽ സിപിഎം പദ്മകുമാറിനെതിരേ നടപടിയെടുത്തേക്കാൻ സാധ്യതയുണ്ട്. 12ന് പാർട്ടി വിഷയം ചർച്ച ചെയ്യും. നടപടിയെടുത്താൽ പിന്നീട് പദ്മകുമാർ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അതേ സമയം അച്ചടക്ക നടപടിയുണ്ടായാലും പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ താൽപര്യമില്ലെന്ന് പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മാറ്റമുണ്ടോയെന്നാണ് ഏവരും കാത്തിരിക്കുന്നത്.
കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം. ലാൽസലാം’ എന്ന് എ. പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതും വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാർട്ടി പിൻതുണച്ചു കൊണ്ടുവന്നയാൾക്ക് പാർട്ടി തന്നെ വേണ്ട പരിഗണന കൊടുക്കാതിരുന്നതാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്. തന്റെ 52 വർഷങ്ങളേക്കാൾ വിലപ്പെട്ടതാണ് അവരുടെ 9 വർഷങ്ങളെന്നും പദ്മകുമാർ പ്രതികരിച്ചിരുന്നു.