തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ മൂത്ത മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷമി ഇളയമകൻ അഫ്സാന്റെ മരണവിവരം അറിഞ്ഞിട്ടില്ലെന്ന് ബന്ധു നാസർ. ഷമി ബോധം തെളിഞ്ഞപ്പോൾ ആദ്യം പറഞ്ഞത് അഫ്സാനെ കാണണമെന്നാണെന്നും നാസർ മാധ്യമങ്ങളോട് പറഞ്ഞു. ചെവി അടുത്തുപിടിച്ചാൽ മാത്രമേ ഷമി സംസാരിക്കുന്നത് കേൾക്കു. എന്നെ കണ്ടപ്പോൾ കരയുകയും അഫ്‌സാനെ ചോദിക്കുകയും ചെയ്തു. മാമച്ചി മോനെ കൊണ്ടുവരണമെന്ന് പറഞ്ഞു. അവനെന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഫാന്റെ ആക്രമണത്തിൽ ഷമിയുടെ തലയ്ക്കു പിന്നിൽ 13 സ്റ്റിച്ചുണ്ടെന്നും നാസർ പറഞ്ഞു. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂർണമായി തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ തന്നെ ജ്യൂസ് പോലുള്ള ഭക്ഷണമാണ് നിലവിൽ നൽകുന്നത്. ഇളയ മകൻ അഫ്സാനെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. ഐസിയുവിൽനിന്ന് ഇറങ്ങുമ്പോഴും മോനെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അഫാനെപ്പറ്റി ഒന്നും ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി ഇംപോസിഷന്‍ വയ്യ! സഹികെട്ട് ബിജെപി വിട്ട് ഓടി നടി..
തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് സ്വന്തം വീട്ടുകാരെയും പെൺസുഹൃത്തിനെയുമടക്കം അഞ്ചുപേരെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ(23) ആണ് മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ ഒൻപതാം ക്ലാസുകാരനായ അഫ്സാൻ(14), പിതാവിന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് വെഞ്ഞാറമൂട് പുതൂർ മുക്കുന്നൂർ അമൽ മൻസിലിൽ സുനിലിന്റെയും ഷീജയുടെയും മകൾ ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടവർ.
കൂട്ടക്കൊലയ്ക്കു ശേഷം പ്രതി ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതവും നടത്തി. ചുറ്റികകൊണ്ടാണ് ഇവരെ ആക്രമിച്ചതെന്നാണ് അഫാൻ പോലീസിനു മൊഴിനൽകിയത്. പോലീസെത്തി മൂന്നു വീടുകളിൽനിന്നായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.