കോട്ടയം: ഗാന്ധിനഗർ നഴ്‌സിംഗ് കോളേജിലെ ഹോസ്റ്റൽ വാർഡന്റെ മൊഴിയിൽ പോലീസിന് സംശയം. രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത്. രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നാണ് വാർഡന്റെ മൊഴി. ഇതേ തുടർന്ന് ഇന്ന് തന്നെ ഹോസ്റ്റലിലെത്തി വാർഡന്റെ മൊഴി രേഖപ്പെടുത്താനാണ് സാധ്യത.
അതേസമയം റാഗിംഗ് കേസിൽ ഗാന്ധിനഗർ നഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിംഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലും പ്രതികൾക്കെതിരെ ചുമത്തുമെന്നാണറിയുന്നത്.
കഴിഞ്ഞ മൂന്നു മാസങ്ങളായി നഴ്‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികൾ അതിക്രൂരമായ റാഗിംഗിനാണ് ഇരയായത്. ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നുകഴിഞ്ഞു. കോമ്പസ് വച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വീഡിയോ സൂചിപ്പിക്കുന്നത്.