അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുരുന്നിന്റെ ആവശ്യത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുന്നത് ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പർ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുൽ എസ് സുന്ദർ എന്ന ബാലനാണ് എന്നും ഉപ്പുമാവ് തിന്നു ബോറടിച്ചതുകൊണ്ട് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ഉയർത്തിയത്. കുട്ടി ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു
നിഷ്‌കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. അത് ഉൾക്കൊള്ളുകയാണ്. അങ്കണവാടി വഴി മുട്ടയും പാലും നൽകുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. അങ്കണവാടിയുടെ മെനു എങ്ങനെ പരിഷ്‌കരിക്കാമെന്നത് ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.