മെക്സിക്കോ സിറ്റി: ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് പറഞ്ഞതിനെ വിമർശിച്ച് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം.
നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാന എന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നും 1814 ൽ മെക്സിക്കോ നിലവിൽ വരുമ്പോഴുള്ള രേഖകളിൽ അങ്ങനെയായിരുന്നുവെന്നും ലോക ഭൂപടത്തിൻ്റെ മുന്നിൽ നിന്നുള്ള മാധ്യമ സമ്മേളനത്തിൽ അവർ പറഞ്ഞു. അയൽരാജ്യങ്ങളായ യുഎസും മെക്സിക്കോയും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്നതാണ് ട്രംപിൻ്റെയും ഷെയ്ൻബോമിൻ്റെയും പ്രസ്താവനകൾ.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ സൈനികനീക്ക സാധ്യത തള്ളാതെ ട്രംപ് പ്രസ്താവിച്ചിരുന്നു. കാനഡയെ യുഎസ് സംസ്ഥാനമാക്കാൻ സൈനികനടപടിക്കു മുതിരുമോയെന്ന ചോദ്യത്തിന്, അതിനായി സാമ്പത്തികനടപടി മതിയല്ലോ എന്നായിരുന്നു മറുപടി. വിവാദം ചൂടുപിടിച്ചിരിക്കെ, ട്രംപിന്റെ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഗ്രീൻലാൻഡ് സന്ദർശിച്ചു.
ട്രംപിന്റെ സ്വകാര്യ വിമാനത്തിൽ ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നുക്കിൽ വന്നിറിങ്ങിയ ട്രംപ് ജൂനിയർ പിന്നീടു പോഡ്കാസ്റ്റിൽ ഊഹാപോഹങ്ങൾക്കു മറുപടി നൽകി: ‘ഇല്ല, ഞാൻ ഗ്രീൻലാൻഡ് വാങ്ങാൻ പോകുന്നില്ല’.ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റല്ല ട്രംപ്. യുഎസിന്റെ 17–ാം പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ 1860 കളിൽ ഈ നിർദേശം കൊണ്ടുവന്നിരുന്നു. ധാതുസമ്പത്തിൽ സവിശേഷവും യുഎസ് സൈനികതാവളം സ്ഥിതിചെയ്യുന്നതുകൊണ്ട് തന്ത്രപ്രധാനവുമായ ഗ്രീൻലാൻഡ് വഴി പോയാൽ യുഎസിൽനിന്ന് യൂറോപ്പിലെത്താനുള്ള ദൂരവും കുറയും.
ഗ്രീൻലാൻഡിനെ സ്വന്തമാക്കേണ്ടത് യുഎസിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞപ്പോൾ, വില്പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീൻലാൻഡ് പ്രതികരിച്ചിരുന്നു. ഗ്രീൻലാൻഡുകാർ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മുറ്റ്സി ഏയെദെയ്ക്കും.
ആർട്ടിക് മേഖലയിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഗ്രീൻലാൻഡ് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലാണ്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗം; രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ യൂറോപ്പുമായി. 1979 ലാണ് ഹിതപരിശോധനയിലൂടെ സ്വയംഭരണം ലഭിച്ചത്. കഷ്ടിച്ച 57,000 പേരുള്ള ഗ്രീൻലാൻഡ് ലോകത്തെ ഏറ്റവും വലിയ ദ്വീപു കൂടിയാണ്. തുടർച്ചയായി സൂര്യപ്രകാശം കിട്ടുന്നത് വർഷത്തിൽ 2 മാസം മാത്രം. 80% ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു; ചിലയിടങ്ങളിൽ ഈ മഞ്ഞുപുതപ്പിന് 4 കിലോമീറ്റർ വരെ കട്ടിയുണ്ടാകും. എന്നാൽ ഇപ്പോൾ ആഗോളതാപനം കാരണം ഇതിലൊക്കെ മാറ്റം വന്നിട്ടുണ്ട്.