ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി നൽകി നാഗാലാൻഡിൽ നിന്നുള്ള ബിജെപി എംപി ഫോങ്‌നോൻ കോന്യാക്. പാർലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ രാഹുൽഗാന്ധി തന്റെ വളരെ അടുത്തുവന്ന് നിന്നുവെന്നും അത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
പരാതി ഇങ്ങനെ: കൈയിൽ പ്ലക്കാർഡേന്തി കോണിപ്പടിക്ക് സമീപം നൽക്കുമ്പോഴാണ് തനിക്ക് മോശം അനുഭവമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി എംപിമാർക്ക് കടന്നുപോകാനുള്ള വഴിയൊരുക്കി. അതിനിടെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരും തന്റെയടുത്ത് എത്തുന്നത്. തുടർന്ന് അദ്ദേഹം വളരെ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് തന്നോട് മോശമായ രീതിയിൽ പെരുമാറി. സ്ത്രീയെന്ന പരിഗണന നൽകാതെ തന്റെ വളരെ അടുത്തുവന്നാണ് അദ്ദേഹം നിന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. പാർലമെന്റിലെ മറ്റൊരംഗവും തന്നോട് ഇത്തരത്തിൽ പെരുമാറുമെന്ന് കരുതുന്നില്ലെന്നും ബിജെപി എംപി ആരോപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
രാജ്യസഭ എംപിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധൻകർ ഉറപ്പ് നൽകി. വനിതാ എംപി കണ്ണീരോടെയാണ് കാര്യങ്ങൾ വിശദീകരിച്ചെന്ന് ധൻകർ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം നാല് മണിക്ക് നടക്കും. എഐസിസി ആസ്ഥാനത്താണ് വാർത്താ സമ്മേളനം.