പാണക്കാട് കുറെ തങ്ങൾമാരുണ്ട്, ഞാൻ പറഞ്ഞത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്, വർഗീയ തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയുമായി ഇങ്ങോട്ടു വരരുത്, അതു ഗുണം ചെയ്യില്ല: മുഖ്യമന്ത്രി

കൊല്ലം: പാണക്കാട് കുറെ തങ്ങൾമാരുണ്ട്. ആ തങ്ങൾമാരെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചാണ്. അതിന് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വർഗീയ– തീവ്രവാദ ഭാഷയുമായി മുസ്‌ലിം ലീഗ്, സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാദിഖലി തങ്ങളെക്കുറിച്ചു പറയേണ്ടതും പറയുകയില്ലേ. അതു പറയാൻ പാടില്ലെന്നു ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് ഈ നാട്ടിൽ ചെലവാകുമോ. ആരെങ്കിലും അംഗീകരിക്കുമോ ? ഞാൻ പറഞ്ഞതിനോടു വന്ന പ്രതികരണങ്ങളുടെ ഭാഷ തീവ്രവാദികളുടെ ഭാഷയാണ്. തീവ്രവാദ ബന്ധത്തിന്റെ ഭാഗമായി തീവ്രവാദ ഭാഷയും കരസ്ഥമാക്കാൻ ലീഗിലെ ചിലർ നിൽക്കരുത്. വർഗീയ തീവ്രവാദ സ്വഭാവത്തിന്റെ ഭാഷയും സ്വീകരിച്ചുകൊണ്ട് ഇങ്ങോട്ടു വരരുത്. അതു ഒരിക്കലും ഗുണം ചെയ്യില്ല. ഞങ്ങൾ എല്ലാ കാലത്തും വർഗീയതയ്ക്ക് എതിരാണ്– പിണറായി പറഞ്ഞു.

സാദിഖലി തങ്ങൾ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി വരുന്നതിനു മുൻപ് ഏതെങ്കിലും ഘട്ടത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ ? ജമാഅത്തെ ഇസ്‌ലാമിയോടും എസ്ഡിപിഐയോടും ഇതു പോലുള്ള സമീപനം ഏതെങ്കിലും കാലത്തു സ്വീകരിച്ചിട്ടുണ്ടോ ? അതിൽ സാദിഖലി തങ്ങൾക്ക് ഉത്തരവാദിത്തവും പങ്കും ഇല്ലേ ? ഒരു രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ ചെയ്യേണ്ട കാര്യമാണോ അത് ? അപ്പോൾ സ്വാഭാവികമായും ഞങ്ങൾ ഞങ്ങളുടെ വീക്ഷണം അവതരിപ്പിക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഒറ്റപ്പാലം തിരഞ്ഞെടുപ്പു നടന്നു കൊണ്ടിരുന്ന സമയത്താണ് സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്തത്. അന്നു രാജ്യത്താകമാനം മുസ്‌ലിംകൾ പ്രതിഷേധിച്ചു. അന്നു കേരളത്തിൽ ലീഗ് കോൺഗ്രസിനൊപ്പം അധികാരത്തിലാണ്. ഭരണത്തിൽ നിന്നു വിട്ടുനിൽക്കണമെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ലീഗ് അണികളിൽ വികാരമുയർന്നു. എന്നാൽ ലീഗിനു പ്രധാനം മന്ത്രി സ്ഥാനമായിരുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസ് വിരുദ്ധ വികാരത്തിലായപ്പോൾ അതു ശമിപ്പിക്കാൻ അന്നത്തെ പാണക്കാട് തങ്ങളെ ഒറ്റപ്പാലത്ത് കൊണ്ടുവരികയായിരുന്നു. എന്നാൽ ഒരാളും അദ്ദേഹത്തെ തിരിഞ്ഞു നോക്കാൻ ഇല്ലായിരുന്നു

ലീഗ് പ്രവർത്തകർ വീടുകളിലെത്തി പറഞ്ഞിട്ടും ആരും പോയില്ല. അന്ന് എല്ലാവരും ആദരിക്കുന്ന തങ്ങളായിരുന്നു പാണക്കാട് തങ്ങൾ. പക്ഷേ ഈ നിലപാടിന്റെ ഭാഗമായതിനാൽ ലീഗിന്റെ അണികൾക്കു പോലും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതു പറഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ പാണക്കാട് തങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7