അലിഗഢ്: ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മായി സഹോദരീ ഭര്‍ത്താവിനൊപ്പം വീണ്ടും ഒളിച്ചോടിയതായി പരാതി.
മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പാണ് ഭാവി മരുമകനൊപ്പം ഇവര്‍ ഒളിച്ചോടിയത്. 43 കാരിയായ സപ്ന ദേവിക്കെതിരെ പുതിയ ഭര്‍ത്താവായ രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. 30 കാരനായ സഹോദരി ഭര്‍ത്താവിനൊപ്പമാണ് സപ്‌ന ഇപ്പോള്‍ ഒളിച്ചോടിയതെന്ന് രാഹുലിന്റെ പരാതിയില്‍ പറയുന്നു. 10 മാസം മുമ്പാണ് ഭാവി മരുമകനൊപ്പം ഒളിച്ചോടി സപ്‌ന ദേവി വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇപ്പോള്‍ സമാന സംഭവത്തിലൂടെ വീണ്ടും ശ്രദ്ധനേടി. സപ്ന തന്റെ സഹോദരിയുടെ ഭര്‍ത്താവ് ദേവേന്ദ്രനൊപ്പം ഒളിച്ചോടിയെന്നും തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും അപഹരിച്ചുവെന്നും രാഹുല്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ ദേവേന്ദ്ര നിഷേധിച്ചു. താന്‍ ഗുജറാത്തിലാണെന്നും സപ്ന ദേവി തന്നോടൊപ്പമില്ലെന്നും ദേവേന്ദ്ര പറഞ്ഞു.നേരത്തേയും സപ്‌നയ്‌ക്കെതിരെ ആരോപണങ്ങളുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു.
വിവാഹശേഷം സപ്നയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതായും അവര്‍ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും രാഹുല്‍ ആരോപിച്ചു. 2025 ഏപ്രില്‍ 16 നാണ് സപ്‌നയുടെ മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഏപ്രില്‍ ആറിനാണ് പ്രതിശ്രുത മരുമകനൊപ്പം ഇവര്‍ ഒളിച്ചോടുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. നാല് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.














































