ന്യൂഡൽഹി: മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമായിരിക്കെ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് രണ്ട് ഇന്ത്യൻ പതാകയുള്ള എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ശിവാലിക്കും നന്ദാദേവിയുമാണ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പലുകൾ.
ഇതുവരെ കിട്ടിയ വിവരമനുസരിച്ച് ഇറാനും പ്രദേശത്തെ മറ്റ് രാജ്യങ്ങളുമായി ഏകോപനം നടത്തി അതീവ ജാഗ്രതയോടെയാണ് ഈ കപ്പലുകളുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും ഇറാനും തമ്മിൽ നടന്ന നിരന്തര ചർച്ചകളുടെ ഫലമായാണ് ഈ നീക്കം സാധ്യമായതെന്നും അധികൃതർ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്കിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടിരുന്ന 28 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഉൾപ്പെടെ നിരവധി വ്യാപാര കപ്പലുകൾക്ക് യാത്ര തുടരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ പതാകയുള്ള രണ്ട് ഡസനിലധികം വ്യാപാര കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ശ്രമങ്ങളാണ് നടത്തുന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫെബ്രുവരി 28, മാർച്ച് 5, മാർച്ച് 10, മാർച്ച് 12 എന്നീ തീയതികളിൽ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചിയുമായി നാല് തവണ ഫോണിൽ സംസാരിച്ചിരുന്നു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും ഇടവിട്ടു ബന്ധപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി നേരിട്ട് ചർച്ച നടത്തി.
അതേസമയം ഇന്ത്യയിലേക്ക് പുറപ്പെട്ട ശിവാലിക് കപ്പലിൽ ഏകദേശം 40,000 മെട്രിക് ടൺ ഗ്യാസ് ലോഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നന്ദാദേവി കപ്പലും വലിയ തോതിൽ ഗ്യാസ് ചരക്കുമായി ഇന്ത്യയിലേക്ക് യാത്ര തുടരുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നൂറുകണക്കിന് കപ്പലുകളാണ് കുടുങ്ങിയിരുന്നത്. അതിൽ 28 ഇന്ത്യൻ പതാകയുള്ള കപ്പലുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്ക് പോകുന്ന കപ്പലുകൾക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയത്.
ഇതിനിടെ ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് പെട്രോൾ കൊണ്ടുപോകുന്ന മറ്റൊരു ഇന്ത്യൻ പതാകയുള്ള ഓയിൽ ടാങ്കറായ ജഗ് പ്രകാശ് എന്ന കപ്പലും ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്ത് നിന്ന് യാത്ര ആരംഭിച്ചതായി ഷിപ്പിംഗ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിന്ഹ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം ഗൾഫ് മേഖലയിലാകെ വ്യാപാര, ഹാർബർ, ഓഫ്‌ഷോർ കപ്പലുകളിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുകയാണ്. ഇറാൻ പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിൽ പ്രദേശത്തെ സംഘർഷം വർധിക്കുന്നതിലും സാധാരണ ജനങ്ങളുടെ ജീവഹാനിയിലും ആഴത്തിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ഊർജവും വ്യാപാര ചരക്കുകളും തടസ്സമില്ലാതെ ഗതാഗതം നടത്താനുള്ള സാഹചര്യം ഉറപ്പാക്കുന്നതും ഇന്ത്യയുടെ പ്രധാന പരിഗണനയാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ വ്യക്തമാക്കി.
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് മിഡിൽ ഈസ്റ്റ് യുദ്ധത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഇറാനും മേഖലയിലെ എണ്ണ കയറ്റുമതി നടത്തുന്ന അയൽരാജ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തിയതോടെ സാഹചര്യം കൂടുതൽ സംഘർഷപരമായി. ഇതിനിടെ യുഎഇയിൽ നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കണ്ട്ലാ തുറമുഖത്തിലേക്ക് പോകുകയായിരുന്ന തായ്‌ലൻഡ് പതാകയുള്ള ഒരു ചരക്കുകപ്പലിന് ബുധനാഴ്ച ഹോർമുസ് കടലിടുക്കിനടുത്ത് ആക്രമണമുണ്ടായി.
















































