ബംഗളൂരൂ: കർണാടകയിലെ ഹുബ്ബള്ളിയിൽ 13 വയസ്സുകാരിയെ മൂന്ന് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതികൾ കുട്ടിയെ വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതികൾ പെൺകുട്ടി താമസിക്കുന്ന അതേ പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ്.
കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 14, 15 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ രണ്ടുപേർ ഹൈസ്കൂൾ വിദ്യാർത്ഥികളാണെന്നും മൂന്നാമത്തെയാൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണെന്നുമാണ് പ്രാഥമിക വിവരമെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ വ്യക്തമാക്കി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുമെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. നിലവിൽ അതിജീവിതയ്ക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.













