മധ്യപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഒരു മതാചാരത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങാണിതെന്നും നദിയെ അഭിഷേകം ചെയ്തതെന്നുമാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനം തെറ്റാണെന്നും, ഇത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമർശകർ ആരോപിക്കുന്നു.
സെഹോർ ജില്ലയിലെ സത്ദേവ് ഗ്രാമത്തിലുള്ള ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ഭാഗമായിട്ടാണ് പാൽ ഒഴുക്കിയത്. ദിവസേന 151 ലിറ്റർ പാൽ വീതം നദിയിൽ ഒഴുക്കിയപ്പോൾ, അവസാന ദിവസമായ ബുധനാഴ്ച മാത്രം ഏകദേശം 11,000 ലിറ്റർ പാൽ നർമ്മദയിൽ ചേർത്തതായി റിപ്പോർട്ടുകൾ പറയുന്നു.ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
വീഡിയോ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. മധ്യപ്രദേശിലെ നിരവധി കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്ന സാഹചര്യത്തിൽ ഇത്രയും പാൽ പാഴാക്കുന്നത് അനാവശ്യവും അനീതിയുമാണെന്നാണ് പ്രധാന വിമർശനം. കൂടാതെ, ഇത്തരത്തിൽ പാൽ നദിയിൽ ഒഴുക്കുന്നത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ജലജീവികളുടെ നിലനിൽപ്പിനെ ബാധിക്കുകയും ബാക്ടീരിയ വളർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ചടങ്ങിനെ പിന്തുണച്ച് സംഘാടകർ വ്യത്യസ്തമായ നിലപാട് വ്യക്തമാക്കുന്നു. നർമ്മദാ നദിയെ അമ്മപോലെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ അഭിഷേകം നടത്തുന്നതെന്നും, തീർത്ഥാടകരുടെ ക്ഷേമത്തിനും പ്രദേശവാസികളുടെ സമൃദ്ധിക്കും വേണ്ടിയാണിതെന്നും അവർ പറയുന്നു. സ്വകാര്യ ഫണ്ടുകൾ ഉപയോഗിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നും മതാചാരങ്ങളെ ചോദ്യം ചെയ്യരുതെന്നും സംഘാടകർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ആയിരക്കണക്കിന് ലിറ്റർ പാൽ നദിയിൽ ഒഴുക്കിയ സംഭവത്തെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം തുടരുകയാണ്.
11000 litres of milk was poured into the Narmada river during a religious event. pic.twitter.com/UVBsr0byQg
— Piyush Rai (@Benarasiyaa) April 9, 2026


















































