ചെന്നൈ: ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ 41 പേരുടെ മരണത്തിനു പിന്നാലെ, വിപ്ലവ ആഹ്വാനവുമായി ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ പോസ്റ്റ്. യുവജന വിപ്ലവത്തിനു സമയമായെന്നും ശ്രീലങ്കയും നേപ്പാളും ആവർത്തിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. കൂടാതെ ടിവികെ നേതാക്കളെ പോലീസ് മർദിക്കുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. ആദവ് നടത്തിയത് കലാപ ആഹ്വാനമാണെന്ന് ഡിഎംകെ ആരോപിച്ചു.
ആദവ് അർജുനയുടെ പോസ്റ്റ് ഇങ്ങനെ-
‘‘പോലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവമാണ്. ശ്രീലങ്കയിലും നേപ്പാളിലും അധികാരികൾക്കെതിരെ യുവജനങ്ങളും ജെൻ സീയും ഒരുമിച്ച് വിപ്ലവം നടത്തിയതുപോലെ ഇവിടെയും ഒരു യുവജന മുന്നേറ്റം സംഭവിക്കും. ആ മുന്നേറ്റം ഭരണമാറ്റത്തിനും രാഷ്ട്രീയ ഭീകരവാദത്തിന്റെ അവസാനത്തിനും കാരണമാകും.’’
അതേസമയം വിജയ് ഇന്നലെ ചെന്നൈയിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ദുരന്തത്തെ സംബന്ധിച്ച് ഇന്ന് വീഡിയോയിലൂടെ മറുപടി നൽകിയേക്കുമെന്നാണ് ദുരന്തസ്ഥലത്തേക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണിത്. ഇതിനിടെ ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. വി. അയ്യപ്പനാണ് (52) കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ ജീവനൊടുക്കിയത്. ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കുറിപ്പിൽ പരാമർശമുണ്ട്. പരിപാടിക്ക് ആവശ്യമായ സുരക്ഷ പോലീസ് ഒരുക്കിയില്ലെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ നടൻ വിജയ്‌ക്കും പാർട്ടിക്കുമെതിരെയാണു തെളിവുകൾ. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാൻ യോഗം വൈകിപ്പിച്ച നടൻ, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയത്. വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചതായും പോലീസ് എഫ്ഐആറിൽ പറയുന്നു.