ചെന്നെ: ‘തമിഴ്‌നാടിനോട് മോദിജിക്ക് എന്താണ് അലര്‍ജി’യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നു വിമര്‍ശിച്ചും കേന്ദ്ര- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കെതിരെ വീണ്ടും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷന്‍ വിജയിന്റെ രൂക്ഷവിമര്‍ശനം.
നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് അവകാശപ്പെട്ട വിജയ്, ആരെയും പേരെടുത്തു വിമര്‍ശിക്കാന്‍ പേടിയില്ലെന്നും സ്റ്റാലിനെയും നരേന്ദ്രമോദിയെയും ഉന്നമിട്ടു വ്യക്തമാക്കി. ടിവികെയുടെ ആദ്യ ജനറല്‍ കൗണ്‍സിലില്‍ ദ്വിഭാഷാ നയം ഉള്‍പ്പെടെ 17 ആവശ്യങ്ങളുള്ള പ്രമേയവും പാസാക്കി. അതിനിടെ, പ്രസംഗത്തില്‍ കവി ടെന്നിസന്റെ വരികള്‍ വില്യം ബ്ലേക്കിന്റേതാണെന്നു തെറ്റിച്ചു പറഞ്ഞതിനെ കളിയാക്കി എതിരാളികള്‍ രംഗത്തെത്തി.
പതിവിലും ഗൗരവത്തോടെ വിജയ് പ്രസംഗിച്ചെങ്കിലും പാര്‍ട്ടി നേരിടുന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ അതുപോരെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ടിവികെയില്‍ ജില്ലാ ഭാരവാഹി നിയമനത്തിനായി കോഴവാങ്ങിയതിന്റെ തെളിവുസഹിതം ഒരുവിഭാഗം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ആണ് അടുത്ത മുഖ്യമന്ത്രിയെന്ന പോസ്റ്ററുകളും പ്രചരിച്ചിരുന്നു.