തിരുവനന്തപുരം: ഗാസ മേഖലയിൽ പട്ടിണി അതിരൂക്ഷമായതിൻ്റെ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മൂന്നിടങ്ങളിൽ സൈനിക നീക്കം നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേലി സേന. മുവാസി, ദെർ-അൽ-ബലാഹ്, ഗാസ സിറ്റി മേഖലയിൽ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെ സൈനിക നീക്കങ്ങൾ നടത്തില്ലെന്നാണ് പ്രഖ്യാപനം.
ഈ മേഖലയിൽ ഇസ്രയേലി സൈന്യം കൊണ്ടുവന്ന നിയന്ത്രണങ്ങൾ കടുത്ത ക്ഷാമത്തിന് കാരണമാകുമെന്ന് നേരത്തെ തന്നെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇത് ആദ്യം വകവെക്കാതിരുന്ന ഇസ്രയേലി സൈന്യം കൊടുംപട്ടിണിയിലേക്ക് മേഖല തള്ളപ്പെട്ടതോടെയാണ് സൈനിക നീക്കങ്ങൾ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
ഗാസ മേഖലയിൽ ഭക്ഷണവും മറ്റ് സഹായവുമെത്തിക്കാൻ ഐക്യരാഷ്ട്ര സഭയുടെ സംഘങ്ങൾക്ക് പോകാനായി നിശ്ചിത ഇടനാഴികൾ സജ്ജമാക്കുമെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. നിർബന്ധിത പട്ടിണിയിലേക്ക് ഗാസ മേഖലയെ ഇസ്രയേൽ തള്ളിവിടുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും സേന അറിയിച്ചു.
ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഖെരേം ഷാലോം ക്രോസിങ് വഴി 1200 മെട്രിക് ടൺ ഭക്ഷണം അടങ്ങുന്ന നൂറ് ട്രക്കുകൾ ഉടൻ ഗാസയിലേക്ക് അയക്കുമെന്ന് ഈജിപ്ഷ്യൽ റെഡ് ക്രസൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. റാഫാ അതിർത്തിയിൽ ഗാസയിൽ നിന്നുള്ള അഗതികളെ സഹായിക്കാനായി 35000 വളണ്ടിയർമാരെയും ഈജിപ്ത് ഒരുക്കിനിർത്തിയിട്ടുണ്ട്.
അതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിൻ്റെ നിലപാടിനെ തുർക്കി പ്രസിഡൻ്റ് സ്വാഗതം ചെയ്തു. ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചു. പിന്നാലെ തുർക്കി ഭരണകൂടം പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് മാക്രോണിനെ എർദോഗൻ പ്രശംസിച്ചതായി പറയുന്നത്. രണ്ട് രാജ്യങ്ങളായി ഇസ്രയേലിനെയും പലസ്തീനെയും പ്രഖ്യാപിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്നും എർദോഗൻ അഭിപ്രായപ്പെട്ടു.