കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ യുവാവ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച; യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് ഗര്‍ഭിണികളെ കൊണ്ട് പോയ വാഹനത്തില്‍, രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 27 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

പാലക്കാട് : കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ മരിച്ച യുവാവിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുള്ളയാള്‍ എന്നു പരിഗണിക്കാതെ. അട്ടപ്പാടി ഷൊളയൂരിലെ വരഗംപാടി ആദിവാസി ഊരില്‍ കാര്‍ത്തിക് (25) വ്യാഴാഴ്ചയാണ് മരിച്ചത്. കോട്ടത്തറ ആദിവാസി സ്‌പെഷല്‍റ്റി ആശുപത്രിയിലാണ് കാര്‍ത്തികിനെ പ്രവേശിപ്പിച്ചിരുന്നത്.

സംഭവത്തില്‍ ആശുപത്രി നടപടികളില്‍ ഗരുതരവീഴ്ച സംഭവിച്ചതായാണ് പരാതി. ഇതോടെ യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോട്ടത്തറ ആദിവാസി സ്‌പെഷല്‍റ്റി ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആരോഗ്യ പ്രവര്‍ത്തകരെയും തുടര്‍ന്ന് യുവാവിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് അടക്കം 7 ആരോഗ്യ പ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കി. കാര്‍ത്തികിനെ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയത് അട്ടപ്പാടി ഗവ.ആശുപത്രിയില്‍ നിന്ന് ഇഎംഎസ് ആശുപത്രിയിലേക്കു ഗര്‍ഭിണികളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന വാഹനത്തിലാണെന്നാണ് വിവരം. ആ ദിവസം വാഹനത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങളും യുവാവിന്റെ ഊരിലുളളവരുടെ വിശദാംശങ്ങളും ശേഖരിച്ചു തുടങ്ങി.

കഴിഞ്ഞമാസം 29 നാണ് യുവാവ് ചങ്ങാതിമാരുമായി കോയമ്പത്തൂരിലെ ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി ഷോളയൂരിലെത്തിയത്. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ കോയമ്പത്തൂര്‍ ആ സമയത്ത് റെഡ്‌സോണ്‍ ആയിരുന്നു. അതിനാല്‍ തിരിച്ചുവന്ന യുവാവ് വീട്ടുനീരീക്ഷണത്തില്‍ കഴിയവേ കടുത്ത വയറുവേദന, പനി, ചര്‍ദ്ദി എന്നിവയെ തുടര്‍ന്ന് 6ന് ഉച്ചയേ!ാടെ കോട്ടത്തറ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍മണ്ണ ഇഎംഎസിലേക്കു മാറ്റി.

ഡോക്ടറോട്, തനിക്ക് കോവിഡ് രോഗമാണോ എന്ന് യുവാവ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് അയക്കാന്‍ നടപടി സ്വീകരിച്ച് യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള വഴിയില്‍ യുവാവ് മരിച്ചുവെന്നാണ് വിവരം. കാര്‍ത്തികിന് എലിപ്പനിയുടെ ലക്ഷണങ്ങളാണ് കണ്ടതെന്നും നടപടികളില്‍ വീഴ്ചവരുത്തിയിട്ടില്ലെന്നു കോട്ടത്തറ സ്‌പെഷല്‍റ്റി അധികൃതര്‍ പറയുന്നു. യുവാവിനെ വീട്ടുനിരീക്ഷത്തിലാക്കിയ ഷോളയൂര്‍ പിഎച്ച്‌സിയില്‍ നിന്ന് ഈ വിവരം കോട്ടത്തറ ആശുപത്രിയെ അറിയിക്കുകയും ചെയ്തിട്ടല്ല.

ആശുപത്രിയിലെത്തിയപ്പോള്‍ യുവാവിന്റ ക്രിയാറ്റിന്‍ കുറഞ്ഞിരുന്നു. വിളര്‍ച്ചയും ക്ഷീണവും കണ്ടതോടെയാണ് ആദിവാസികളെ റഫര്‍ ചെയ്യുന്ന പെരിന്തല്‍മണ്ണ ഇഎംഎസിലേക്ക് വിട്ടതെന്ന് അട്ടപ്പാടി ആരോഗ്യവിഭാഗം നോഡല്‍ ഓഫിസറും ഡപ്യൂട്ടി ഡിഎംഒയുമായ പ്രഭുദാസ് പറഞ്ഞു. രോഗപ്രതിരോധ നടപടി ഊര്‍ജിതമായി നടക്കുന്ന അട്ടപ്പാടിയില്‍ യുവാവിന്റെ സംശയാസ്പദമായ മരണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular