ധൂര്‍ത്ത് വേണ്ട; ഐക്യത്തോടെ നില്‍ക്കണം; വി.എസ്. അച്യുതാനന്ദന്‍

ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണിതെന്ന് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രത പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കൊവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്നുറപ്പാണെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊറോണ വൈറസിന്റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേല്‍ക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്.

പക്ഷെ, രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രതതന്നെ, പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരും. സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭവുമാണിത്.

ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്.

Similar Articles

Comments

Advertismentspot_img

Most Popular