സഹായധനം പ്രഖ്യാപിച്ച് കോഹ്ലിയും അനുഷ്‌കയും

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി സംഭാവന പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും. തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് ഇരുവരും വ്യക്തമാക്കി. കൊറോണ വൈറസ് ബാധമൂലം വിഷമത അനുഭവിക്കുന്ന ജനങ്ങളെ കാണുമ്പോള്‍ ഹൃദയം തകരുകയാണെന്നും ഇരുവരും ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കാന്‍ അനുഷ്‌കയും ഞാനും തീരുമാനിച്ചിരിക്കുന്നു. വളരെയധികം ആളുകള്‍ ദുരിതമനുഭവിക്കുന്ന കാഴ്ച ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വേദന കുറച്ചെങ്കിലും മാറ്റിക്കൊടുക്കാന്‍ ഞങ്ങളുടെ ഈ സംഭാവന ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു’ – കോലി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ ഇതുവരെ 1000ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ നിമിത്തം മരിച്ചവരുടെ എണ്ണം 25 ആണ്. കൊറോണ വൈറസ് വ്യാപനം നിമിത്തം കളിക്കളങ്ങള്‍ നിശ്ചലമാവുകയും രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ അനുഷ്‌കയ്‌ക്കൊപ്പം മുംബൈയിലെ വസതിയിലാണ് കോലി. കൊറോണ വൈറസ് വ്യാപനത്തിനെതിരായ ബോധവല്‍ക്കരണത്തില്‍ ആദ്യം മുതലേ സജീവമായി ഇരുവരും രംഗത്തുണ്ട്. ഇതിനിടെ, ലോക്ഡൗണ്‍ കാലത്തെ ഇടവേളയില്‍ അനുഷ്‌ക വിരാട് കോലിക്ക് മുടി വെട്ടിക്കൊടുക്കുന്ന വിഡിയോയും വൈറലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular