കൊറോണ: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മറക്കാതെ സർക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിരവധി പ്രതിസന്ധികളിലൂടെ ഇവര്‍ കടന്നു പോകുന്ന സാഹചര്യം മനസിലാക്കിയാണ് ഈ തീരുമാനമെടുത്തത്. ഐ.ഡി. കാര്‍ഡ് ഉള്ളവര്‍, സ്‌ക്രീനിംഗ് കഴിഞ്ഞവര്‍, അപേക്ഷ നല്‍കിയവര്‍ എന്നിവര്‍ക്കാണ് കിറ്റ് നല്‍കുന്നത്.

അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന ആയിരിക്കും ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം നടത്തുക. സംസ്ഥാനത്ത് നിലവിലുള്ള ജാഗ്രതാ നിര്‍ദേശം പാലിച്ചുകൊണ്ടായിരിക്കും ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

5 കിലോഗ്രാം ഗുണമേന്മയുളള അരി, 1 കിലോഗ്രാം ചെറുപയര്‍, 500 എം.എല്‍. വെളിച്ചെണ്ണ, 1 കിലോഗ്രാം പഞ്ചസാര, 1 കിലോഗ്രാം ആട്ട, 500 ഗ്രാം തേയിലപ്പൊടി എന്നിവയാണ് ഒരു കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷ്യ വസ്തുക്കള്‍.

Similar Articles

Comments

Advertismentspot_img

Most Popular