കൊട്ടിയം: വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ വരന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരീസ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരീസുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും.
ഒന്നര വർഷം മുൻപ് വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാരീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ പണവും സ്വർണവും ആൾ സഹായവുമായി റംസിയും വീട്ടുകാർ സഹകരിച്ചിരുന്നു. എന്നാൽ ഹാരീസ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറെടുക്കുന്നതായി അറിഞ്ഞതോടെ റംസി മാനസികമായി തളർന്നു.
പല കാരണങ്ങൾ പറഞ്ഞ് ഹാരീസും കുടുംബവും റംസിയെ ഒഴിവാക്കാൻ ശ്രമിച്ചു. ഇതിന്റെ ഫോൺ വിളികൾ തെളിവായി ലഭിച്ചിട്ടുണ്ട്. ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടിയുമായും റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹ മാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമായേക്കാം.
ഇതിനിടെ ഹാരീസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമയ്ക്കുകയും ചെയ്തു. ഹാരീസിന്റെ അമ്മയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ ഫോണും കസ്റ്റഡിയിൽ എടുക്കും. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാരീസ് റിമാൻഡിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനായി അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു. റംസിയുടെ വീട്ടുകാരിൽ നിന്നും പൊലീസ് വീണ്ടും മൊഴി എടുത്തിട്ടുണ്ട്.