ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറഞ്ഞാമതി.., കൂടുതല്‍ മദ്യം കരുതാന്‍ അനുവദിക്കൂ.., ജനതാ കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അറിയില്ല; മോദിയെ ട്രോളിയ മലയാളികള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി

കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് ഞായറാഴ്ച ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ മലയാളികള്‍ ട്രോളുകളും പരിഹാസവും കൊണ്ടാണ് എതിരേറ്റത്. എന്നാല്‍ മലയാളികളുടെ ഈട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരിക്കുന്നു. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

ട്വിറ്ററിലൂടെയാണ് പൂക്കുട്ടിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍പൂക്കുട്ടി രംഗത്തെത്തിയത്.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ.’ റസൂല്‍ ട്വീറ്റ് ചെയ്തു

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജനങ്ങളുടെ സ്വയംപങ്കാളിത്തമുള്ള ജനതാ കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതു വരെ സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ കര്‍ഫ്യൂ ആചരിക്കണം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മനിയന്ത്രണത്തോടെയും കൊറോണയെ നേരിടുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ദിവസത്തെ കര്‍ഫ്യൂ.

യുദ്ധകാലങ്ങളില്‍ പാലിച്ച സംയമനത്തിന് സമാനമായ നിലയില്‍ നിയന്ത്രണം ആവശ്യമായ സമയമാണ്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഞായറാഴ്ച ജനതാകര്‍ഫ്യു പാലിക്കണം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന നിയന്ത്രണമായിരിക്കും ഇത്. വരും ദിവസങ്ങളെ മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ തീരുമാനം. കര്‍ഫ്യൂവിനെ സംബന്ധിച്ച് സന്നദ്ധസംഘടനകള്‍ ഫോണും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് ഞായറാഴ്ചയ്ക്കുമുമ്പ് പ്രചാരണം നടത്തണം. ഓരോവ്യക്തിയും പത്തുപേരെ ഫോണ്‍ ചെയ്ത് ജനതാകര്‍ഫ്യൂവിനെക്കുറിച്ച് അറിയിക്കണം” പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular