കൊറോണ: ‘ വാഹനങ്ങളെയും ‘ ബാധിക്കുന്നു

കോവിഡ് 19 വാഹനരംഗത്തെയും പ്രതിസന്ധിയിലാക്കുന്നു. ചൈനയിൽനിന്നുള്ള വാഹനഘടകങ്ങളുടെ വരവ് നിലച്ചതു വാഹനനിർമാണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. ഇതു മറികടക്കാൻ പാർട്സുകൾ ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു.പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളാണ് ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നത്.

ഇതിനായി ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. വാഹന നിർമാണം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ വേണ്ട ഘടകങ്ങളുടെ പട്ടിക മന്ത്രാലയം തയാറാക്കിയെന്നും വിവരമുണ്ട്. കോവിഡ് 19 ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ചൈനയിൽനിന്ന് വാഹനഘടകങ്ങൾ എത്തുന്നതു കുറവായിരുന്നു. ഫെബ്രുവരി മുതൽ ഫാക്ടറികളും അടച്ചിട്ടിരിക്കുന്നതുകൊണ്ട്, ആവശ്യമായത്ര ഘടകങ്ങൾ എത്താൻ ഇനിയും സമയമെടുക്കുമെന്നതാണ് പുതിയ വഴി തേടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

ഓട്ടോമേറ്റീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോട് ഏതെല്ലാം ഘടകഭാഗങ്ങളാണ് വേണ്ടതെന്ന് അറിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്സ് എയർലിഫ്റ്റ് ചെയ്യുമെന്നു തന്നെയാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നതെങ്കിലും ഇത് എന്നുമുതലാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല.

ചൈനയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ കുറവ്, അടുത്തടുത്തുള്ള ചെക്‌പോസ്റ്റുകള്‍, വേണ്ടത്ര ജോലിക്കാരില്ലാത്തത് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ചൈനയില്‍നിന്ന് ഉല്‍പന്നങ്ങള്‍ വേണ്ട രീതിയില്‍കയറ്റുമതി ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണങ്ങളെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. എയര്‍ കാര്‍ഗോ സേവനവും കുറഞ്ഞു. ഇത് ഇന്ത്യൻ വാഹനലോകത്തെ കൂടുതൽ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് എയർലിഫ്റ്റിന്റെ സാധ്യത ആലോചിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular