പരസ്യം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ ഇങ്ങനെയിരിക്കും; ബാങ്കിന് കിട്ടിയത് എട്ടിന്റെ പണി

പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എന്‍പിആറിന്റെ പേരില്‍ ജനങ്ങളുടെ പരക്കംപാച്ചില്‍. അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച തെറ്റിദ്ധാരണ പരന്നതോടെയായിരുന്നു സംഭവം. കായല്‍പട്ടണത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പരസ്യം പത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അക്കൗണ്ട് ഉടമകള്‍ അവരുടെ കെവൈസി രേകഖള്‍ ഉടന്‍ ബാങ്കില്‍ നല്‍കണമെന്നായിരുന്നു പരസ്യം. കെ വൈസിക്കായി നല്‍കാവുന്ന രേഖകളുടെ കൂട്ടത്തില്‍ എന്‍പിആറും ഉള്‍പ്പെട്ടിരുന്നു. ഇതാണ് മുസ്ലിം വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന കായല്‍പട്ടണത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയത്. പരസ്യം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതാണെന്ന ധാരണയിലായിരുന്നു ജനങ്ങള്‍ പരിഭ്രാന്തിയിലായത്.

പരസ്യംവന്നതോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ളവര്‍ ബാങ്ക് ശാഖയിലേയ്ക്ക് ഒഴുകാന്‍ തുടങ്ങി. പണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അക്കൗണ്ടിലുള്ള പണം ഒരുമിച്ച് പിന്‍വലിച്ചതോടെ ജനുവരി 20-22 ദിവസങ്ങളില്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ടത് നാലു കോടിയിലധികം രൂപയാണ്. പലരും അക്കൗണ്ടിലുള്ള മുഴുവന്‍ പണവും പിന്‍വലിച്ചു.

കല്യാണപട്ടണത്തു നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആര്‍.എല്‍. നായക് പറഞ്ഞു. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്സ്പോര്‍ട്ട്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് കെവൈസി രേഖയായി നല്‍കിയാല്‍ മതി. അടുത്തിടെ റിസര്‍വ് ബാങ്ക് എന്‍പിആറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം പരസ്യത്തില്‍ സൂചിപ്പിച്ചിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സാഹചര്യം മൂലം ബാങ്കിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വലിയ സംഖ്യ പിന്‍വലിക്കപ്പെട്ടതു കൂടാതെ നിരവധി ഇടപാടുകാര്‍ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചേക്കുമെന്നും ബാങ്ക് അധികൃതര്‍ ഭയക്കുന്നു. അക്കൗണ്ട് ഉടമകളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ബാങ്ക് ജീവനക്കാര്‍ ഇപ്പോള്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്റര്‍ പ്രചാരണവും വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

കെവൈസി രേഖയായി എന്‍പിആര്‍ ഉള്‍പ്പെടുത്തിയതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടിയായ എംഎംകെ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular