കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് ജയം; പാക് സൈനിക കോടതിയുടെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാക് സൈനിക കോടതി വിധിച്ച വധശിക്ഷയാണ് അന്താരാഷ്ട്ര കോടതി തടഞ്ഞത്. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
ഇന്ത്യന്‍ സമയം 6.30ന് ആണ് വിധി പ്രഖ്യാപനം നടന്നത്. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവം വായിച്ചത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കുല്‍ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നല്‍കാമെന്ന് കോടതി നിലപാടെടുത്തു.
ചാരവൃത്തി ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലില്‍ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2017 മെയ് 18ന് കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസില്‍ വാദം കേട്ടത്.
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാക് കോടതി നടപടികള്‍ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്. 2019 ഫെബ്രുവരി മാസത്തില്‍ നടന്ന വാദംകേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular