കൊച്ചി: കാലവര്‍ഷം മുന്‍നിര്‍ത്തി അണക്കെട്ടുക്കളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങള്‍ കെഎസ്‌ഇബി പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ തകര്‍ത്ത മഹാപ്രളയത്തിന് ശേഷം വീണ്ടും കാലവര്‍ഷം എത്തുന്ന സാഹചര്യത്തിലാണ് കെഎസ്‌ഇബി അണക്കെട്ടുകളില്‍ പരിശോധന വേഗത്തിലാക്കിയത്. കനത്ത മഴയില്‍ ഡാമുകള്‍ അശാസ്ത്രീയമായി തുറന്നതാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ പരാതികള്‍ക്കിടയില്ലാത്ത വിധം ഡാം മാനേജ്മെന്‍റ് നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് കെഎസ്‌ഇബി.
ഡാമുകള്‍ എപ്പോള്‍ തുറക്കണമോ അപ്പോള്‍ തുറക്കുമെന്നും എപ്പോള്‍ അടയ്ക്കണോ അപ്പോള്‍ അടയ്ക്കുമെന്നും വൈദ്യുതി മന്ത്രി എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ബിയുടെ ഡാം മാനേജ്മെന്‍റിലെ വീഴ്ചയാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന ആരോപണം വൈദ്യുതമന്ത്രി വീണ്ടും തള്ളി. ഇടുക്കി അണക്കെട്ട് അടക്കം അവശ്യഘട്ടത്തില്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കാലവര്‍ഷത്തിന് കഷ്ടിച്ച് ഒരുമാസം കൂടിയുള്ളതിനാല്‍ എല്ലാം ഡാമുകളിലെയും അവസാനവട്ട മിനുക്കുപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയാണ് കെഎസ്‌ഇബി വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്.