മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് നല്‍കണമെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയമസഭയില്‍. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാല്‍ ഇക്കാര്യം ഉന്നയിച്ചത്. പുരാതന കാലത്ത് മലയരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ വിശദമാക്കി. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ പുറത്ത് വരാത്ത രഹസ്യമാണ് വെളിപ്പെടുത്തുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു.

നേരത്തെ അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞിരുന്നു.

ചരിത്രത്തെ തമസ്‌കരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പന്‍. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോളസാനിധ്യത്തിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്ക് കൊടുത്ത വാക്ക്. അതിന്റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചു. അയ്യപ്പന്റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു. വളര്‍ത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവര്‍ എന്തുകൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് പി.കെ. സജീവ് ചോദിച്ചിരുന്നു.

മലയരയ വിഭാഗത്തിന് ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മസേനാ സമിതി അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഈ അവകാശം തിരിച്ചു നല്‍കുമെന്ന് നിയമസഭയില്‍ ഉറപ്പു നല്‍കിയതാണ്. അതു പാലിക്കണം. ഇക്കാര്യത്തില്‍ ദേവഹിതം എന്തെന്നറിയാന്‍ ദേവപ്രശ്‌നം വയ്ക്കണം. ചീരപ്പന്‍ചിറ ഈഴവ സമുദായ കളരിക്ക് ശബരിമലയില്‍ വഴിപാടിനുള്ള അവകാശങ്ങളുണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കില്‍ അതും നല്‍കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular