ബജറ്റ്: അപഹാസ്യമായ അഭാസം

ബജറ്റ്: വിലയിരുത്തൽ

ബജറ്റിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ ബജറ്റിന് പുറത്ത് ഒരു സമാന്തര സാങ്കല്പിക സാമ്പത്തിക സ്രോതസ്സ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭാസമാണ് ഇന്ന് ബജറ്റ് എന്നപേരിൽ സംസ്ഥാന നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയത്.

സംസ്ഥാനത്തെ സർക്കാർ നേതൃത്വത്തിലുള്ള ധനമാനേജ്മെന്റിന്റെ വിശ്വാസ്യത തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു എന്തിനുമേതിനും ‘കിഫ്‌ബി’യെ ആശ്രയിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാന സമ്പദ്ഘടനയുടെ യഥാർത്ഥചിത്രം ചെപ്പടിവിദ്യകൾ കൊണ്ട് മറച്ചു വയ്ക്കാം എന്ന വ്യാമോഹത്തിലാണ് ഐസക്.

‘കിഫ്ബി’ എന്നതിലൂന്നിയാണ് ബജറ്റ് ആകെ. എത്ര അയാഥാർത്ഥവും അപ്രായോഗികവുമാണിതെന്ന് സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായ തോമസ് ഐസക്കിന് അറിയാഞ്ഞിട്ടല്ല. സാമ്പത്തിക യാഥാർത്ഥ്യങ്ങളേക്കാൾ രാഷ്ട്രീയ സമ്മർദ്ദങ്ങളാണ് ഇങ്ങനെയൊരു പ്രഹസനത്തിന് അദ്ദേഹത്തെ നിർബന്ധിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ നടപ്പിലാക്കാതെ പോയ ഹിമാലയൻ വാഗ്ദാനങ്ങൾ ‘കിഫ്ബി’യിലൂന്നി അദ്ദേഹം ആവർത്തിക്കുകയാണ് ഈ ബജറ്റിലും. ഇതിന്റെ കണക്കുകൾ അദ്ദേഹം മനപ്പൂർവം ബജറ്റ് പ്രസംഗത്തിൽ മറച്ചുവയ്ക്കുന്നു. നാമമാത്രമായ തുകയാണ് കിഫ്‌ബി മുഖേന കഴിഞ്ഞ വർഷം സ്വരൂപിക്കാനായത്. കഴിഞ്ഞ ദിവസം നിയമസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി തന്നെ സമ്മതിച്ചത് പ്രവാസി ചിട്ടി വഴി 3.3 കോടി രൂപ മാത്രമേ സമാഹരിക്കാൻ കഴിഞ്ഞുള്ളു എന്നും അതിനായുള്ള പരസ്യത്തിന് 5 കോടി രൂപയിലേറെ ചെലവാക്കിയെന്നുമാണ്.

എന്തൊക്കെ പദ്ധതികൾക്ക് എത്ര തുക ചെലവിട്ടു എന്നും അദ്ദേഹം പറയുന്നില്ല. കിഫ്‌ബി ഒരു മരീചികയാണ് എന്നത് വ്യക്തമായി കഴിഞ്ഞിട്ടും അതിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ മണ്ണിടുകയാണ് ഐസക്ക്.
നമ്മുടെ സമ്പദ്ഘടനയെ താങ്ങി നിർത്തിയിരുന്ന പ്രവാസി മലയാളി സ്രോതസ്സ് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഭാരിച്ച ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയുമാണ് അടുത്തകാലത്ത് സംസ്ഥാനം നേരിട്ട പ്രളയം സർക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങളൊന്നും ബജറ്റിൽ മുന്നോട്ടുവയ്ക്കുന്നില്ല. നികുതിയേതര വരുമാനത്തിലൂടെ വിഭവ സമാഹരണത്തിന് ശ്രമിക്കുന്നതിന് പകരം സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർധനവാണ് ഉപ്പ് തൊട്ട് കർപ്പൂരം വരെ ഉള്ളതിനൊക്കെ ധനമന്ത്രി ചുമത്തിയിരിക്കുന്നത്.

ധനകമ്മിയും റവന്യൂ കമ്മിയും കുറച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മലർപ്പൊടിക്കാരന്റെ മഹത്തായ സ്വപ്നം എന്നല്ലാതെ 2019 ബജറ്റ് പ്രഖ്യാപനത്തെ വിശേഷിപ്പിക്കാനാവില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7