യുവതീപ്രവേശം നടന്നിട്ടില്ല; യുവതികള്‍ പറയുന്നത് പച്ചക്കള്ളം; വ്യാജ തെളിവുണ്ടാക്കി പ്രചരിപ്പിച്ചത് സര്‍ക്കാരെന്നും അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. സ്ത്രീകള്‍ സന്നിധാനത്തെത്തിയെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അതിന് വ്യാജ തെളിവുകളുണ്ടാക്കിയെന്നും അജയ് തറയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അജയ് തറയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടു. സര്‍ക്കാരും യുവതികളും പറയുന്നത് പച്ചക്കള്ളമാണ്. സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് സ്ത്രീപ്രവേശനത്തിലല്ലെന്നും അജയ് തറയില്‍ വാദിച്ചു.

അതിനിടെ ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗ ഭര്‍ത്താവിന്റെ അമ്മയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. മര്‍ദ്ദനമേറ്റെന്ന അമ്മ സുമതി നല്‍കിയ പരാതിയിലാണ് കേസ്. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയക്കും മര്‍ദ്ദനമേറ്റിരുന്നു. തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗയുടെ പരാതി.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗയെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു. അതേസമയം കനക ദുര്‍ഗയുടെ ഭര്‍ത്താവിന്റെ അമ്മ സുമതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular