മോഹന്‍ലാല്‍ ഇടപെട്ടു; കേരള പുനര്‍നിര്‍മാണത്തിനായുള്ള താരനിശ നടക്കും; പ്രൊഡ്യൂസര്‍മാരുമായുള്ള തര്‍ക്കം പരിഹരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ ഇടപെടലിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ ‘എ.എം.എം.എ’യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു.

ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബര്‍ 28 മുതല്‍ താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രകോപിതരാക്കിയത്.

നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ ഏഴിനു അബുദാബിയില്‍ വെച്ച് തന്നെ ‘എ.എം.എം.എ’യുടെ താരനിശ നടക്കും. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മോഹന്‍ലാലാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.

കൂടാതെ 2019 മാര്‍ച്ച് അവസാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തില്‍ താരനിശ നടത്താനും തീരുമാനിച്ചു.

താരങ്ങള്‍ താരനിശയ്ക്കും അതിന്റെ പരിശീലനത്തിനും പോയാല്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ നീളുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിചിരുന്നു. വേണ്ടത്ര ചര്‍ച്ച നടത്താതെ ‘എ.എം.എം.എ’യ്ക്ക് അന്തിമ തീരുമാനമെടുക്കാനാകില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ‘എ.എം.എം.എ’യ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച വേണ്ടി വന്നത്.

പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലേക്കും റിഹേഴ്‌സലിനുമായി താരങ്ങളെ ഷൂട്ടിംഗ് നിറുത്തി വച്ച് നല്‍കണമെന്നാണ് താര സംഘടന ആവശ്യപ്പെട്ടത്. എന്നാല്‍ തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് സംഘടന ഈ തീരുമാനം എടുത്തതെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.

പ്രളയം സിനിമ മേഖലയേയും ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് നിറുത്തി വച്ച് ഒരിക്കലും താരങ്ങളെ വിട്ട് നല്‍കാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ ആദ്യനിലപാട്. നവംബര്‍ 28മുതല്‍ താരങ്ങളെ വിട്ട് നല്‍കണമെന്നായിരുന്നു എഎംഎംഎയുടെ ആവശ്യം. ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് താരനിശ നടത്തുന്നത്. ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെടുകയായിരുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സഹകരിക്കില്ലെന്ന തീരുമാനത്തിലായിരുന്നു പ്രൊഡ്യൂസര്‍മാര്‍.

Similar Articles

Comments

Advertismentspot_img

Most Popular