രണ്ടാമൂഴം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നീക്കവുമായി ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ കേസിന്റെ ഒത്തുതീര്‍പ്പിനായി പുതിയ നീക്കവുമായി സംവിധായകന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥന്‍ വേണമെന്നാണ് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചപ്പോഴാണ് സംവിധായകന്‍ നിലപാട് അറിയിച്ചത്. കേസ് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.

കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നും സിനിമയുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം.ടി. ഒക്ടോബര്‍ 11ന് കോടതിയെ സമീപിച്ചത്. എര്‍ത്ത് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരന്‍ മേനോന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉന്നയിച്ചത്.

എന്നാല്‍ എംടിയുടെ പരാതിക്ക് പിന്നാലെ സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മാണ കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. ഇരു കക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിച്ചേക്കും.

നാലുവര്‍ഷം മുമ്പായിരുന്നു ചര്‍ച്ചകള്‍ക്കു ശേഷം എം.ടി വാസുദേവന്‍ നായര്‍ തിരക്കഥ കൈമാറിയത്. മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എംടി കോടതിയെ സമീപിച്ചത്. മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം ടി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൈമാറിയത്.

ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. പ്രധാന കഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular