തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ വാരിയത് 60 കോടി!!!

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ബാര്‍ ഉടമകള്‍ക്കു ലഭിച്ചത് 60 കോടിയിലേറെ രൂപ. വര്‍ഷങ്ങളായുള്ള ബവ്റിജസ് കോര്‍പറേഷനിലെ തൊഴിലാളികളുടെ ആവശ്യമായിരുന്നു തിരുവോണത്തിന് അവധി. ഇത് ഇത്തവണ നടപ്പാക്കിയപ്പോഴാണു ബാറുടമകള്‍ കോടികള്‍ നേടിയത്.

തിരുവോണത്തിനു ബാറുകള്‍ തുറക്കുന്നതിനാല്‍ ഉപയോക്താക്കള്‍ തലേന്നു ചില്ലറ വില്‍പനശാലകളില്‍ തിരക്കു കൂട്ടിയില്ല. തിരുവോണ ദിവസം ബാറുകളില്‍ നല്ല തിരക്കായിരുന്നു. ബവ്റിജസ് കോര്‍പറേഷനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണു ബാറുകളില്‍ മദ്യം വില്‍ക്കുന്നത്. സര്‍ക്കാര്‍ മദ്യവില്‍പനയ്ക്ക് അവധി പ്രഖ്യാപിച്ചാല്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും അതു ബാധകമായിരിക്കും. ഇത്തവണ മാത്രമാണു ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയത്. സംസ്ഥാനത്തു നിലവില്‍ 429 ബാറുകളുണ്ട്.

49 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ തിരുവോണത്തിന് ബവ്റിജസ് കോര്‍പറേഷന്‍ വിറ്റത്. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന 12 കോടി രൂപയും. ബവ്റിജസ് കോര്‍പറേഷന്‍ ഇത്തവണ ഉത്രാടത്തിനു 45.78 കോടി രൂപയുടെ മദ്യമാണു വിറ്റത്. കഴിഞ്ഞ ഉത്രാടദിനത്തിലെ വില്‍പന 44 കോടിയും. ഈ വര്‍ഷം തിരുവോണത്തിന് അവധിയായിരുന്നതിനാല്‍ ഉത്രാടത്തിനു വലിയ വില്‍പന കണക്കു കൂട്ടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular