കൊച്ചിയില്‍ കടകള്‍ കാലിയാകുന്നു; പച്ചക്കറികള്‍ കിട്ടാനില്ല; ജനങ്ങള്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം സിറ്റിയില്‍ പ്രളയദുരിതം അധികം ബാധിക്കാത്ത ഭാഗങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. കടകളിലൊക്കെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെട്ടത്. ഇന്നു രാവിലെയോടെ പച്ചക്കറികടകള്‍ എല്ലാം കാലിയായി. പകരം സാധനങ്ങള്‍ എത്താത്തതിനാലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ആലുവ പാലം റോഡ്, റെയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചതിനാല്‍ ചരക്കുലോറികള്‍ കൊച്ചിയിലേക്ക് എത്തിയിട്ട് 4 ദിവസങ്ങളായി.
ആളുകള്‍ ക്ഷാമം മുന്നില്‍ കണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങി വയ്ക്കുന്നതിനാല്‍ കടകളിലെ സാധനങ്ങളൊക്കെ പെട്ടന്ന് കാലിയാവുന്ന അവസ്ഥയാണ്.

റോഡ്, ട്രെയിന്‍ ഗതാഗതം നിലച്ചതോടെ സാധനങ്ങളുടെ വരവും നിലച്ചു. പലയിടത്തും സ്‌റ്റോക്ക് തീര്‍ന്നു.
ചൊവ്വാഴ്ചയാണ് ജില്ലയില്‍ മഴ ശക്തമായത്. പിറ്റേന്ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് മിക്ക വ്യാപാര സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. അടുത്ത ദിവസം മുതല്‍ പേമാരിയും തുടങ്ങിയതോടെ കടകള്‍ തുറക്കാതായി. വെള്ളിയാഴ്ച അവസ്ഥ ഒന്നുകൂടി രൂക്ഷമായി. ഇന്ധനക്ഷാമം കാരണം ഏതാണ്ടെല്ലാ വാഹനങ്ങളും നിരത്തില്‍നിന്ന് പിന്‍വാങ്ങിയതോടെ സ്‌റ്റോക്കുള്ള സാധനങ്ങളുടെ നീക്കവും നിലച്ചു.
അരിയും പച്ചക്കറിയും അടക്കമുള്ള സാധനങ്ങള്‍ കിട്ടാന്‍ പ്രയാസമുണ്ട്. ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റ് അടച്ചിട്ട അവസ്ഥയാണ്.

ഗതാതഗം നിലച്ചതോടെ പുറത്തുനിന്ന് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വരാതായി.
ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടാതിരിക്കാന്‍ മാവേലി സ്‌റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് നടപ്പാവാനുള്ള സാധ്യത വിരളമാണ്. ജീവനക്കാര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യം പൂഴ്ത്തിവെപ്പുകാര്‍ മുതലെടുക്കാനുള്ള സാധ്യതയുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular