തിരുവനന്തപുരം: കാലാവസ്ഥാ പ്രവചനത്തിന് കേന്ദ്ര ഏജന്‍സി മാത്രം പോരെന്ന് കേരളം. നാല് സ്വകാര്യ കമ്പനികളില്‍നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കും. സ്‌കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്‍ത് നെറ്റ്‌വര്‍ക്‌സ് എന്നിവയ്ക്കാണ് ചുമതല. ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 10% ഇതിനായി വിനിയോഗിക്കും.
കേരളത്തില്‍ 19 വരെ വേനല്‍മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പ് പറയുന്നത്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ശക്തമായി. കാലവര്‍ഷം ജൂണ്‍ 5ന് എത്തും. 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 8നാണു കാലവര്‍ഷം തുടങ്ങിയത്.
അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കെഎസ്ഇബി തയാറാക്കി. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഓരോ മേഖലയ്ക്കും ദുരന്ത നിവാരണ പദ്ധതി തയാറാക്കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചു ലഘുലേഖ വിതരണം ചെയ്യും. പ്രധാന അണക്കെട്ടുകളിലെ ഷട്ടറുകള്‍ പരിശോധിച്ചു തുടങ്ങി. വൈദ്യുതി മുടങ്ങിയാലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്ററുകള്‍ അടക്കം സജ്ജമാക്കി.